ചുട്ടുപൊള്ളുന്ന ചോദ്യങ്ങൾ ഉയർത്തി വേനൽതുമ്പികൾ…. പരിശീലന ക്യാമ്പ്…

കരുനാഗപ്പള്ളി : വർത്തമാനകാല സമൂഹത്തോട് സംവദിച്ചുകൊണ്ട് ചുട്ടുപൊള്ളുന്ന ചോദ്യങ്ങൾ ഉയർത്തി ബാലസംഘം വേനൽതുമ്പി കലാജാഥ കരുനാഗപ്പള്ളിയിൽ ഒരുങ്ങുന്നു. ബാലസംഘം കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കലാജാഥയുടെ പരിശീലന ക്യാമ്പ് കുലശേഖരപുരം നോർത്തിൽ തുടങ്ങി.

തിരഞ്ഞെടുക്കപ്പെട്ട 20 ഓളം കുട്ടികളാണ് കലാജാഥയിൽ പങ്കെടുക്കുന്നത്. കുട്ടികളുടെ വിദ്യാഭ്യാസം, ബാലവേല തുടങ്ങിയ വിഷയങ്ങളെ അധികരിച്ചുള്ള എട്ടു നാടകങ്ങൾ, 3 നൃത്തശില്പം എന്നിവ ഉൾപ്പെടുത്തിയാണ് കലാജാഥ തയ്യാറാക്കിയിരിക്കുന്നത്. ഗാന്ധിവധം ഉൾപ്പെടെയുള്ള ഗൗരവമാർന്ന പ്രശ്നങ്ങളും കലാരൂപങ്ങളിലൂടെ അവതരിപ്പിക്കുന്നു. ബാലസംഘം ഏരിയാ സെക്രട്ടറി നന്മ, കോ-ഓർഡിനേറ്റർ അശ്വിൻ എന്നിവരുടെ നേതൃത്വത്തിലാണ് പരിശീലന ക്യാമ്പ് പുരോഗമിക്കുന്നത്. 30 വരെയാണ് പരിശീലനം നടക്കുക. തുടർന്ന് മെയ് ഒന്നു മുതൽ കരുനാഗപ്പള്ളി ഏരിയയിലെ വിവിധ ലോക്കലുകളിൽ കലാസംഘം പരിപാടികൾ അവതരിപ്പിക്കും. ഏരിയ തല പരിശീലന ക്യാമ്പിൻ്റെ ഉദ്ഘാടനം ബാലസംഘം സംസ്ഥാന കമ്മിറ്റി അംഗവും കാപ്പക്സ് ചെയർമാനുമായ എം. ശിവശങ്കരപ്പിള്ള നിർവ്വഹിച്ചു. യോഗത്തിൽബാലസംഘം ഏരിയാ സെക്രട്ടറി നന്മ അധ്യക്ഷയായി.
സംഘാടകസമിതി കൺവീനർ പി ഉണ്ണി സ്വാഗതം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം സി രാധാമണി, ജില്ലാ കമ്മിറ്റിയംഗം പി കെ ബാലചന്ദ്രൻ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, സി.പി.ഐ എം ഏരിയ സെക്രട്ടറി പി.കെ. ജയപ്രകാശ്, ഏരിയാ കമ്മിറ്റി അംഗങ്ങളായ ബി .സജീവൻ, വി പി ജയപ്രകാശ് മേനോൻ, ടി രാജീവ്, ബാലസംഘം ഏരിയ കൺവീനർ ഷാനവാസ്, അശ്വിൻ എന്നിവർ സംസാരിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !