സ്വർണവും പണവും വിലപ്പെട്ട രേഖകളുമടങ്ങിയ ബാഗ് വഴിയിൽ നിന്നു കിട്ടിയത് തിരിച്ചു നൽകി പന്മന സ്വദേശിനി

കരുനാഗപ്പള്ളി : സ്വർണവും പണവും വിലപ്പെട്ട രേഖകളുമടങ്ങിയ ബാഗ് വഴിയിൽ നിന്നു കിട്ടിയത് തിരിച്ചു നൽകി പന്മന നടുവത്തുചേരി മംഗലത്ത് കിഴക്കതിൽ ഓമനയമ്മ എല്ലാവർക്കും മാതൃകയായി.

അധ്യാപികയായ ചവറ കൊറ്റംകുളങ്ങര ശിവമന്ദിരത്തിൽ ശിവപ്രിയയുടെ ബാഗ് ശാസ്താംകോട്ടയിലുള്ള സ്കൂളിലേക്കുള്ള യാത്രയ്ക്കിടയിൽ സ്കൂട്ടറിൽ നിന്നു നഷ്ടപ്പെടുകയായിരുന്നു.
മരുന്നുവാങ്ങാനായി പോകുകയായിരുന്ന ഓമനയമ്മയ്ക്കു തേവലക്കര കടപ്പായിൽ ജംക്‌ഷനു സമീപം വച്ചു റോഡിൽ നിന്നു ബാഗ് ലഭിക്കുകയായിരുന്നു. പരിശോധിച്ചപ്പോൾ ഒരു പവനിലധികം തൂക്കം വരുന്ന സ്വർണവള, 5,000ൽ പരം രൂപ, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്കുകൾ, മൂന്ന് എടിഎം കാർഡുകൾ, വാഹനരേഖകൾ, മൊബൈൽ ഫോൺ എന്നിവയുണ്ടായിരുന്നു. ഉടൻ തന്നെ വിവരം പഞ്ചായത്തംഗം വരവിള നിസാറിനെ അറിയിച്ചു. തുടർന്നു നടത്തിയ അന്വേഷണത്തിൽ ഉടമയെ കണ്ടെത്തി വിവരമറിയിക്കുകയായിരുന്നു.

നഷ്ടപ്പെട്ട ബാഗിനുവേണ്ടി വിഷമത്തോടെ തിരച്ചിൽ നടത്തുന്നതിനിടയിലാണു ബാഗ് കണ്ടെത്തിയ വിവരം ശിവപ്രിയയെ തേടിയെത്തുന്നത്. ഓടിയെത്തിയ ശിവപ്രിയ ഓമനയമ്മയെ ആലിംഗനം ചെയ്തു മുത്തം നൽകി. പഞ്ചായത്തംഗത്തിന്റെ സാന്നിധ്യത്തിൽ ബാഗ് ഏറ്റുവാങ്ങി. ഓമനയമ്മയുടെ സത്യസന്ധതയെ അവിടെ കൂടിയവരും ജനപ്രതിനിധിയും ‌അഭിനന്ദിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !