കരുനാഗപ്പള്ളി : എഴുത്തു വഴികളിൽ 65 ആണ്ട് പൂർത്തിയാക്കുന്ന കവി ചവറ കെ.എസ്. പിള്ളയെ താലൂക്കിലെ ഗ്രന്ഥശാലാ പ്രവർത്തകർ പുസ്തകങ്ങൾ നൽകി ആദരിച്ചു. ഈ പുസ്തകങ്ങൾ താലൂക്കാശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി താലൂക്ക് ലൈബ്രറി കൗൺസിൽ ഒരുക്കുന്ന ലൈബ്രറിക്കായി ആശുപത്രി ആർ.എം.ഒ. ഡോ. അനൂപ് കൃഷ്ണൻ കെ.എസ്. പിള്ളയിൽ നിന്നും ഏറ്റുവാങ്ങി.
സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റുകൂടിയായ ചവറ കെ.എസ്. പിള്ളയെ കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിന്റെ നേതൃത്വത്തിലാണ് വേറിട്ട ആദരവൊരുക്കിയത്. സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിഡൻറും കവിയുമായ ഏഴാച്ചേരി രാമചന്ദ്രൻ ആദരിക്കൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
ജില്ലാ ലൈബ്രറി കൗൺസാൽ വൈസ് പ്രസിഡന്റ് പി. ചന്ദ്രശേഖരപിള്ള അധ്യക്ഷനായി. സെക്രട്ടറി വി. വിജയകുമാർ സ്വാഗതം പറഞ്ഞു. ആലങ്കോട് ലീലാകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. ചവറ കെ.എസ്. പിള്ളയുടെ കവിതകളെ കുറിച്ചുള്ള നിരൂപണ ഗ്രന്ഥമായ വാൾ തിളക്കമുള്ള വാക്കിന്റെ പ്രകാശനം ഏഴാച്ചേരി രാമചന്ദ്രൻ ഡോ. വള്ളിക്കാവ് മോഹൻദാസിനു നൽകി പ്രകാശനം നിർവഹിച്ചു.
താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അഡ്വ പി ബി ശിവൻ കെ എസ് പിള്ളയെ പൊന്നാട അണിയിച്ചു.
വി.പി. ജയപ്രകാശ് മേനോൻ,പ്ലാവേലിൽ എസ്. രാമകൃഷ്ണപിള്ള, ആർ കെ ദീപ, എസ് എം ഇക്ബാൽ, എം. സുരേഷ്കുമാർ എന്നിവർ സംസാരിച്ചു. യോഗത്തിനു മുന്നോടിയായി നടന്ന കവിയരങ്ങ് ഇഞ്ചക്കാട് ബാലചന്ദ്രൻ ഉദ്ഘാടനം ചെയ്തു. മൈനാഗപ്പള്ളി ശ്രീരംഗൻ അദ്ധ്യക്ഷനായി.