സ്ക്കൂൾ അങ്കണത്തിൽ കരിനെൽ കൃഷിയിൽ വിജയം കൊയ്ത് വിദ്യാർത്ഥികൾ….

കരുനാഗപ്പള്ളി സ്കൂൾ അങ്കണത്തിലെ കരനെൽ കൃഷിയിൽ വിജയഗാഥ രചിച്ച് വിദ്യാർത്ഥികൾ. അയണിവേലിക്കുളങ്ങര, ജോൺ എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിന്റെയും പി.ടി.എ യുടേയും നേതൃത്വത്തിൽ -ഹരിതക്കനവ്- എന്ന പേരിൽ ആരംഭിച്ച സംയോജിത കൃഷിയുടെ ഭാഗമായി വിതച്ച കരനെൽകൃഷിയുടെ വിളവെടുപ്പ് നടത്തി.

കൃഷി വകുപ്പിന്റെ സഹായത്തോടെ അത്യുൽപ്പാദന ശേഷിയുള്ള ഉമ ഇനത്തിൽപ്പെട്ട നെൽവിത്താണ് കൃഷി ചെയ്തത്. കൊയ്തുൽസവത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി നിർവ്വഹിച്ചു.

കുട്ടികളിൽ കാർഷിക സംസ്കാരം വളർത്തിയെടുക്കുന്നതിനായി സംസ്ഥാന സർക്കാറിന്റെ പ്രവർത്തനങ്ങൾക്കൊപ്പം ജോൺ എഫ് കെന്നഡി സ്കൂളും കൈകോർത്തിരിക്കുന്നത് ഏറെ സന്തോഷം നൽകുന്നു എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

സ്കൂൾ പി.ടി.എ. പ്രസിഡന്റ് ലാൽജി പ്രസാദ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ് മായാ ശ്രീകുമാർ സ്വാഗതം പറഞ്ഞു. നാടൻ കൊയ്തു പാട്ടുകൾ പാടി കുട്ടികൾ കരനെല്ല് കൊയ്തപ്പോൾ നാട്ടുകാരും ഒത്തുചേർന്നു. കരുനാഗപ്പള്ളി നഗരസഭാ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വസുമതി രാധാകൃഷ്ണൻ കൗൺസിലർമാരായ തമ്പാൻ, പ്രീതി രമേശ്, സീനിയർ അസിസ്റ്റന്റ് മുർഷിദ് ചിങ്ങോലിൽ, സ്കൂൾ അഡ്മിനിട്രേറ്റർ സിറിൾ അധ്യാപകരായ സജിത്, സുധീർ പി.ടി.എ അംഗങ്ങളായ പ്രദീപ് , സുനിൽ പൂമുറ്റം, ജോബ് ,വത്സലൻ പൊതു പ്രവർത്തകൻ സോമൻ എന്നിവർ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !