കരുനാഗപ്പള്ളി: സംസ്ഥാന ബജറ്റില്‍ കരുനാഗപ്പള്ളിയും ഏറെ പ്രതീക്ഷയിലാണ്. വര്‍ഷങ്ങളായി ഉന്നയിക്കപ്പെടുന്ന പല വികസനപ്രശ്‌നങ്ങള്‍ക്കും ബജറ്റില്‍ ഇടം കിട്ടുമോയെന്നാണ് ഈ നാട് കാത്തിരിക്കുന്നത്. ആലപ്പാട്, കുലശേഖരപുരം പഞ്ചായത്തുകളെ ബന്ധിച്ച് ടി.എസ്. കനാലിന് കുറുകെ കാട്ടില്‍ക്കടവില്‍ പാലം അനുവദിക്കണമെന്നതാണ് ഒരാവശ്യം. കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ഇതിനാവശ്യമായ ഫണ്ട് ലഭ്യമാക്കണമെന്ന് ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ.യും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കരുനാഗപ്പള്ളി ഫയര്‍ സ്റ്റേഷന് കെട്ടിടം നിര്‍മിക്കാന്‍ സ്ഥലം വാങ്ങുന്നതിന് ബജറ്റില്‍ ഫണ്ട് ഉള്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. നഗരത്തില്‍ പോലീസ് സ്റ്റേഷനോട് ചേര്‍ന്നുള്ള സ്ഥലത്തില്‍ കുറച്ചുഭാഗം ഫയര്‍ സ്റ്റേഷന് കെട്ടിടം നിര്‍മിക്കാന്‍ അനുവദിക്കണമെന്നതാണ് പ്രധാന ആവശ്യം. ഫ്‌ളാറ്റ് സമുച്ചയം ബജറ്റില്‍ അനുവദിച്ചാല്‍ ഫയര്‍ സ്റ്റേഷന്‍ നിര്‍മിക്കാനുള്ള സ്ഥലവും അവിടെത്തന്നെ ലഭ്യമാകുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇക്കാര്യവും സര്‍ക്കാരിന്റെ പരിഗണനയിലാണ്. തഴവ, കുലശേഖരപുരം, തൊടിയൂര്‍, കുഴിത്തുറ, കരുനാഗപ്പള്ളി, ചെറിയഴീക്കല്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്ക് കെട്ടിടം നിര്‍മിക്കാന്‍ ഫണ്ട് അനുവദിക്കണമെന്ന ആവശ്യവുമുണ്ട്.
നിയോജകമണ്ഡലത്തിലെ തകര്‍ന്ന പല പ്രധാന റോഡുകളും ആധുനികരീതിയില്‍ വികസിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. ചാമ്പക്കടവില്‍നിന്ന് പാവുമ്പയിലേക്ക് ആധുനിക രീതിയിലുള്ള റോഡ് നിര്‍മിക്കണമെന്നതാണ് മറ്റൊരാവശ്യം.
ഓച്ചിറയില്‍നിന്ന് വള്ളിക്കാവുവഴി ആലുംകടവിലേക്ക് ടി.എസ്. കനാലിന്റെ തീരത്തുകൂടി ആധുനികരീതിയിലുള്ള റോഡ് നിര്‍മിക്കണമെന്നതും പ്രധാന ആവശ്യങ്ങളിലൊന്നാണ്. കന്നേറ്റിക്കായല്‍, വട്ടക്കായല്‍, ടി.എസ്. കനാല്‍ എന്നിവയെ ബന്ധിച്ച് ടൂറിസം പാക്കേജ് അനുവദിക്കണമെന്ന ആവശ്യത്തിനും വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇതുസംബന്ധിച്ച് കരുനാഗപ്പള്ളി നഗരസഭ സര്‍ക്കാരിന് പ്രൊപ്പോസല്‍ സമര്‍പ്പിച്ചിട്ടുണ്ട്.
ഉപയോഗമില്ലാതെ കിടക്കുന്ന പഴയ കെ.എം.എം.എല്‍. റെയില്‍പ്പാത ഏറ്റെടുത്ത് സമാന്തര റോഡായി വികസിപ്പിക്കണമെന്നതും സര്‍ക്കാരിന്റെ പരിഗണനയ്ക്കായി സമര്‍പ്പിച്ചിട്ടുള്ളതാണ്. ഇടക്കുളങ്ങരയില്‍ ഉപയോഗമില്ലാതെ കിടക്കുന്ന ബ്ലോക്ക് ഓഫീസ് കെട്ടിടത്തില്‍ സാംസ്‌കാരികനിലയം അനുവദിക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്.
ചിറ്റുമൂല മേല്‍പ്പാലവും കരുനാഗപ്പള്ളി ബൈപ്പാസും ബജറ്റ് പ്രസംഗത്തില്‍ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്.