കരുനാഗപ്പള്ളി: ചവറ കൊറ്റന്‍കുളങ്ങര ദേവീക്ഷേത്രത്തിലെ പുരുഷാംഗനമാരുടെ ചമയവിളക്കുത്സവം ഇന്നും നാളെയും (2018 മാർച്ച് 24 ശനി, ഞായര്‍ ദിവസങ്ങളില്‍)
അഭീഷ്ടകാര്യസിദ്ധിക്കായി പുരുഷന്മാര്‍ അംഗനകളാകുന്ന ചടങ്ങ് കാണാനും കെട്ടുകാഴ്ച ആസ്വദിക്കാനും വിദേശികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് ക്ഷേത്രത്തിലെത്തുന്നത്. ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്രത്തിലും പരിസരത്തും നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചു.
ചവറയുടെ ദേശീയോത്സവം കൂടിയാണ് കൊറ്റന്‍കുളങ്ങര ചമയവിളക്ക്. ശനിയാഴ്ച ചവറ-പുതുക്കാട് കരക്കാരുടെ വകയാണ് ഉത്സവം. 11-ന് തന്ത്രി നാരായണന്‍ നമ്പൂതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ കലശപൂജകളും നടന്നു മൂന്നിന് ഗംഭീര കെട്ടുകാഴ്ചയും നടന്നു. രാത്രി 11-ന് സംഗീതക്കച്ചേരി.
പുലര്‍ച്ചെ മൂന്നിന് ചമയവിളക്ക് കാണാന്‍ ദേവി എഴുന്നള്ളും. സമാപനദിവസമായ ഞായറാഴ്ച കുളങ്ങരഭാഗം-കോട്ടയ്ക്കകം കരക്കാരാണ് ഉത്സവം നടത്തുന്നത്. 11-ന് കലശം, 3.30-ന് കെട്ടുകാഴ്ച, രാത്രി 11-ന് നാഗസ്വരക്കച്ചേരി.
പുലര്‍ച്ചെ മൂന്നിന് നിരയായി നില്‍ക്കുന്ന പുരുഷാംഗനമാരുടെ ചമയവിളക്ക് കാണാന്‍ ദേവി എഴുന്നള്ളും എന്നാണ് വിശ്വസിക്കുന്നത്. ഭക്തരെ അനുഗ്രഹിച്ചശേഷം ആറാട്ടു നടത്തി കുരുത്തോലപ്പന്തലില്‍ വിശ്രമിക്കുന്നതോടെ പതിനാറുദിവസത്തെ ഉത്സവത്തിന് സമാപനമാകും.