കരുനാഗപ്പള്ളി അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസില്‍ ഊര്‍ജസംരക്ഷണത്തെ ആസ്​പദമാക്കിയുള്ള അന്താരാഷ്ട്ര ശില്പശാല ‘സ്റ്റെബിലൈസ് എനര്‍ജി’ സംഘടിപ്പിച്ചു

കരുനാഗപ്പള്ളി: അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസില്‍ ഊര്‍ജസംരക്ഷണത്തെ ആസ്​പദമാക്കിയുള്ള അന്താരാഷ്ട്ര ശില്പശാല ‘സ്റ്റെബിലൈസ് എനര്‍ജി’ സംഘടിപ്പിച്ചു. അമൃതപുരി കാമ്പസിലെ വയര്‍ലെസ് ആന്‍ഡ് നെറ്റ്വര്‍ക്ക് വിഭാഗവും ഇന്തോ യൂറോപ്യന്‍ റിസര്‍ച്ച് ഇന്നൊവേഷനും സംയുക്തമായാണ് ശില്പശാല സംഘടിപ്പിച്ചത്.

കെ.എസ്.ഇ.ബി. ഡിസ്ട്രിബ്യൂഷന്‍, ഐ.ടി. ഡയറക്ടര്‍ ഡോ. കുമാരന്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. അമൃത വിശ്വവിദ്യാപീഠം വയര്‍ലെസ് നെറ്റ്വര്‍ക്‌സ് വിഭാഗം ഡയറക്ടര്‍ ഡോ. മനീഷാ വി.രമേശ് നേതൃത്വം നല്‍കി.

വൈദ്യുതി സാങ്കേതികരംഗത്തെ വിദഗ്ധരായ പ്രയാഗ ഗുപ്ത, സായ്കട്ട് ചക്രവര്‍ത്തി, അമൃത സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ് അസോസിയേറ്റ് ഡീന്‍ ഡോ. ബാലകൃഷ്ണശങ്കര്‍, പ്രിന്‍സിപ്പല്‍ ഡോ. ജ്യോതി എസ്.എന്‍. തുടങ്ങിയവര്‍ ശില്പശാലയില്‍ പങ്കെടുത്തു. പ്രമുഖ ഊര്‍ജാധിഷ്ഠിത കമ്പനികളായ പോര്‍ച്ചുഗലിലെ ഇവോലിയോ ടെക്‌നോളജീസ്, ജര്‍മനിയിലെ ഫോര്‍ട്ടിസ്, ഫിന്‍ലന്‍ഡിലെ ടി.ആര്‍.സി., ഐ.ഐ.ടി. കാണ്‍പൂര്‍ എന്നിവടങ്ങളിലെ വിദഗ്ധരും പങ്കെടുത്തു.

നിലവിലെ ഊര്‍ജ പ്രതിസന്ധിക്ക് ചെലവുകുറഞ്ഞതും ഫലപ്രദവുമായ ബദല്‍ മാര്‍ഗങ്ങള്‍ എത്രമാത്രം കണ്ടെത്താന്‍ കഴിയുമെന്ന് ശില്പശാല ചര്‍ച്ചചെയ്തു. അമൃതയിലെ ഇന്തോ യൂറോപ്യന്‍ സംയുക്ത പദ്ധതിയായ ‘െസ്റ്റബിലൈസ് ഇ’ യുടെ ഗവേഷണ നിരീക്ഷണങ്ങളാണ് ശില്പശാലയില്‍ മുഖ്യമായും അവതരിപ്പിച്ചത്. ഇന്ത്യയില്‍ ആദ്യമായി നടപ്പാക്കിയ പദ്ധതികളില്‍ മുന്‍നിരയിലുള്ളതും കേരളത്തില്‍ ആദ്യത്തേതുമാണ് ഈ പദ്ധതി.

സ്മാര്‍ട്ട് മീറ്ററുകള്‍ സ്ഥാപിക്കുക, വൈദ്യുതി പ്രസരണ നഷ്ടം കുറയ്ക്കുക, ഇന്‍റഗ്രേറ്റഡ് സര്‍ക്യൂട്ടുകളുടെ പിന്‍ബലത്തോടെ വൈദ്യുതി വിതരണം എങ്ങനെ കാര്യക്ഷമമാക്കാം എന്ന നിര്‍ദ്ദേശങ്ങളടങ്ങിയ വൈദ്യുതി വിതരണ ശൃംഖലയുടെ ഒരു പ്രവര്‍ത്തന മാതൃക അമൃതപുരി കാമ്പസില്‍ സ്ഥാപിച്ചിട്ടുണ്ട്. സ്മാര്‍ട്ട് സിറ്റിക്ക് അനുയോജ്യമായ സ്മാര്‍ട്ട് ഗ്രിഡ് ടെക്നോളജിയുടെ ഉപയോഗത്തെക്കുറിച്ചുള്ള ഈ മാതൃക ശില്പശാലയുടെ മുഖ്യ ആകര്‍ഷണമായി.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !