ചവറ മിനി സിവിൽ സ്റ്റേഷൻ 2018 ജൂൺ 09 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം….

കരുനാഗപ്പള്ളി :  ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ  ചവറയിലെ സർക്കാർ ഓഫിസുകൾ ഒരു കുടക്കീഴിലെത്തുന്നു. 

ശങ്കരമംഗലത്ത് നിർമിച്ച ചവറ മിനി സിവിൽ സ്റ്റേഷൻ 2018 ജൂൺ 09 ന് വൈകിട്ട് 3  മണിക്ക്  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. 

ബഹുമാനപ്പെട്ട റവന്യൂ വകുപ്പുമന്ത്രി  ശ്രീ. ഇ. ചന്ദ്രശേഖരൻ , പൊതുമരാമത്ത്  വകുപ്പുമന്ത്രി ജി.സുധാകരൻ ,   എം.പി മാർ ,  എം.എൽ.മാർ, ജനപ്രതിനിധികൾ  തുടങ്ങി നിരവധി പ്രമുഖർ ഉദ്ഘാടനകർമത്തിൽ പങ്കെടുക്കും .  

മിനി സിവിൽ സ്റ്റേഷൻ യാഥാർഥ്യമാകുന്നതോടെ പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന ഓഫിസുകൾ ഒരിടത്ത് കേന്ദ്രീകരിക്കുകയാണ്.

ശങ്കരമംഗലം പോലീസ് സ്റ്റേഷന് തെക്കുവശത്താണ് പുതിയ മിനി സിവിൽ സ്റ്റേഷൻ. 


2016 ഫെബ്രുവരി 18നു നിർമാണം ആരംഭിച്ചു. അഞ്ചുനില കെട്ടിടത്തിനാണ് അനുമതി തേടിയത്. എന്നാൽ ഇപ്പോൾ മൂന്നു നില കെട്ടിടം നിർമിക്കുന്നതിനാണ് അനുമതി ലഭിച്ചതും പൂർത്തിയാക്കിയതും. 1741.82 ചതരുശ്ര മീറ്റർ വിസ്തീർണമുള്ളതാണ്  കെട്ടിടം . ശൗചാലയങ്ങളുൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ബ്ലോക്ക് പഞ്ചായത്ത് കോംപൗണ്ടിലെ ഓഫിസുകളാണ് കൂടുതലും ഇവിടേക്കു മാറുന്നത്. വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന മജിസ്ട്രേട്ട് കോടതി, കുടുംബകോടതി, ഗ്രാമ ന്യായാലയം എന്നിവ ഒരു സ്ഥലത്ത് കൊണ്ടുവരുന്നതിനുള്ള നടപടികളും വേഗത്തിലായി. നിലവിൽ ബ്ലോക്ക് പഞ്ചായത്ത് കോംപൗണ്ടിൽ നിന്നു മാറുന്ന ഓഫിസുകൾ പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് കോടതികൾക്കായി പരിഗണിക്കുന്നത്.

താഴത്തെ നിലയിൽ സബ് ട്രഷറി, ചവറ വില്ലേജ് ഓഫിസ് എന്നിവയാണ്.

ഒന്നാം നിലയിൽ പിഡബ്ല്യുഡി ബിൽഡിങ് സെ‌ക്‌ഷൻ ഓഫിസ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസ്, ജലവിഭവ സബ് ഡിവിഷൻ ഓഫിസ്.

രണ്ടാം നിലയിൽ ജലവിഭവ ചവറ സെ‌ക്‌ഷൻ ഓഫിസ്, ഐസിഡിഎസ് ഓഫിസ്, ഡെയറി ഡവലപ്മെന്റ് ഓഫിസ്, കൃഷി അസി.ഡയറക്ടർ ഓഫിസ്, കയർ ഇൻസ്പെക്ടർ ഓഫിസ്.

കയർ ഇൻസ്പെക്ടർ ഓഫിസ്, ഐസിഡിഎസ് ഓഫിസ് തുടങ്ങിയവയ്ക്കും വാടകക്കെട്ടിടത്തിൽ നിന്നു മോചനം.

ചവറ വില്ലേജ് ഓഫിസ് പന്മന വില്ലേജ് അതിർത്തിയിൽ പൂർത്തീകരിച്ച മിനി സിവിൽ സ്റ്റേഷൻ കെട്ടിടത്തിലേക്കു മാറും. ശങ്കരമംഗലം ജംക്‌ഷൻ രണ്ടു വില്ലേജുകളിലായാണ് സ്ഥിതിചെയ്യുന്നത്. പന്മന വില്ലേജ് ഉൾപ്പെടുന്ന ഭാഗത്താണ് പുതിയ മിനി സിവിൽ സ്റ്റേഷൻ നിർമിച്ചത്. പന്മന വില്ലേജ് ഓഫിസിനു നിലവിൽ സ്വന്തമായി കെട്ടിടമുള്ളതിനാൽ ഇതിലേക്കു മാറില്ല എന്നാണ് പറയുന്നത്.



നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !