എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥിക്ക്‌ സഹപാഠികളുടെ സമ്മാനമായി വീടൊരുങ്ങുന്നു

ചവറ : മണ്ണെണ്ണവിളക്കിന്റെ വെളിച്ചത്തിൽ പഠിച്ച് എസ്.എസ്.എൽ.സി. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥിക്ക്‌ സഹപാഠികളുടെ സമ്മാനമായി വീടൊരുങ്ങുന്നു. ചവറ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ്. യൂണിറ്റാണ് രജതജൂബിലിയുടെ ഭാഗമായി പ്ലസ് വൺ വിദ്യാർഥിനിക്കു സ്നേഹവീട് ഒരുക്കുന്നത്.

ഭവന സഹായത്തിന് തദ്ദേശസ്ഥാപനങ്ങളിൽ പലവട്ടം അപേക്ഷ നൽകിയിട്ടും കനിഞ്ഞില്ലെന്ന വിവരമറിഞ്ഞ എൻ.എസ്.എസ്. പ്രവർത്തകർ വീടു നിർമിച്ചു നൽകാൻ തീരുമാനിക്കുകയായിരുന്നു. സ്ക്കൂൾ ദിവസം പ്രിൻസിപ്പൽ ജെ.ഷൈല ശിലപാകി. പി.ടി.എ പ്രസിഡന്റ് എസ്.രാധാകൃഷ്ണപിള്ള, പ്രോഗ്രാം ഓഫിസർ ആമിന ബീവി, എസ്.എം. സി ചെയർമാൻ വർഗീസ് എം.കൊച്ചുപറമ്പിൽ, പിടിഎ വൈസ് പ്രസിഡന്റ് സിന്ധുമോൾ, സീനിയർ അസിസ്റ്റന്റുമാരായ ബി.വേണുഗോപാൽ, ഏണസ്റ്റ് എന്നിവർ പങ്കെടുത്തു. ഓട്ടോ ഡ്രൈവറായ പിതാവിന്റെ തുച്ഛമായ വരുമാനത്തിലാണ് ഇവർ കഴിയുന്നത്. വിദ്യാർഥികളുടെയും രക്ഷാകർത്താക്കളുടെയും സഹായത്തോടെ വീട് നിർമാണം വേഗം പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !