കരുനാഗപ്പള്ളി : ചെറിയഴീക്കൽ നിവാസികളുടെ വിദ്യാഭ്യാസ-സാംസ്‌കാരിക രംഗത്ത് നിരവധി സംഭാവനകൾ നൽകിയ വിജ്ഞാനസന്ദായിനി ഗ്രന്ഥശാലയ്ക്കിനി എ പ്ലസ് ഗ്രേഡ്. വേലുക്കുട്ടി അരയന്‍ സെക്രട്ടറിയും മംഗലത്ത് കേശവനാശാന്‍ പ്രസിഡന്റുമായി 1908-ലാണ് ഈ ഗ്രന്ഥശാല ആരംഭിച്ചത്.
സംസ്ഥാനത്തെ ഒന്‍പതിനായിരം ഗ്രന്ഥശാലകളില്‍നിന്ന് ഗ്രഡേഷനില്‍ എ പ്ലസ് ലഭിച്ച 40 ഗ്രന്ഥശാലകളില്‍ ഒരെണ്ണമാണ് വിജ്ഞാനസന്ദായിനി. എ പ്ലസ് ഗ്രേഡ് ലഭിച്ചതിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് 2018 മേയ് 20-ന് രാവിലെ 10-ന് ചെറിയഴീക്കല്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ തീരദേശ വികസനത്തില്‍ സന്നദ്ധ സാങ്കേതിക പങ്കാളിത്തം എന്ന വിഷയത്തില്‍ നടക്കുന്ന ശില്പശാല മുന്‍ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദ് ഉദ്ഘാടനം ചെയ്യും. ഗ്രന്ഥശാലാ പ്രസിഡന്റ് കെ.സത്യരാജന്‍ അധ്യക്ഷത വഹിക്കും.
കേരള സര്‍ക്കാരിന്റെ കേരളചരിത്ര സംഗ്രഹത്തിലും കേരളത്തിലെ അരയന്മാരും നവോത്ഥാനപ്രസ്ഥാനവും എന്ന ഗ്രന്ഥത്തിലും വിജ്ഞാനസന്ദായിനി ഗ്രന്ഥശാലയെപ്പറ്റി പരാമര്‍ശിച്ചിട്ടുണ്ട്. അന്ന് ആരംഭിച്ച നിശാപാഠശാലയും വയോജന വിദ്യാകേന്ദ്രവും ഇന്നും പ്രവര്‍ത്തിക്കുന്നു. 2380 അംഗങ്ങളും 19865 പുസ്തകങ്ങളും ഗ്രന്ഥശാലയിലുണ്ട്. ഏറ്റവും മികച്ച റഫറന്‍സ് വിഭാഗവുമുണ്ട്.
മെഡിക്കല്‍ കോളേജിലെ തദ്ദേശീയരായ മികച്ച ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ മാസത്തില്‍ രണ്ട് തവണ സൗജന്യ വൈദ്യപരിശോധനാ ക്യാമ്പും ഗ്രന്ഥശാലയില്‍ പ്രവര്‍ത്തിക്കുന്നു. ഇവിടത്തെ ഫോട്ടോ ഗാലറി പ്രസിദ്ധമാണ്. സാഹിത്യ അഭിരുചി പരിപോഷിപ്പിക്കുന്നതിനായി പ്രത്യേക പ്രവര്‍ത്തനവും ഗ്രന്ഥശാലയിലുണ്ട്. ബാലവേദി കുട്ടികൾക്കായി ഏപ്രിൽ മുതൽ ഞായറാഴ്ചകളിൽ പൊതുവിജ്ഞാന ക്ലാസ്സുകളും ഇവിടെ സംഘടിപ്പിക്കുന്നുണ്ട്.