കരുനാഗപ്പള്ളി: പുസ്തക വീട് സംഘടിപ്പിച്ച കുട്ടികളുടെ പുസ്തകോത്സവം കരുനാഗപ്പള്ളിയിൽ നടക്കുന്നു. മേയ് 20 നാണ് പുസ്തകോത്സവം ആരംഭിച്ചത്.
കുട്ടികളുടെ പുസ്തകോത്സവത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പ്രമുഖരുടെ പ്രത്യേക ക്ലാസ്സുകൾ കൂടുതൽ സജീവമാകുകയും പ്രശംസ നേടുകയും ചെയ്യുന്നു.
‘നവോത്ഥാന-സാംസ്ക്കാരിക മൂല്യങ്ങളുടെ കരുത്തും കരുതലും’ എന്ന വിഷയത്തെ ആസ്പദമാക്കി 2018 മേയ് 22 ന് ചൊവ്വാഴ്ച വൈകിട്ട് 4 മണിക്ക് ക്ലാസ്സെടുക്കുന്നത് പ്രസിദ്ധ എഴുത്തുകാരനും പ്രഭാഷകനും പത്രപ്രവർത്തകനുമായ ഡോ.വള്ളിക്കാവ് മോഹൻദാസാണ്. പ്രസ്തുത വിഷയത്തിൽ ഏറ്റവും ആധികാരികമായി ക്ലാസ്സെടുക്കാൻ കഴിയുന്ന കേരളത്തിലെ അപൂർവ്വം ചരിത്ര പണ്ഡിതരിലൊരാളാണ് ഡോ. വള്ളിക്കാവ് മോഹൻദാസ്. ചരിത്ര കുതുകികൾക്കും വിദ്യാർത്ഥികൾക്കും ഏറെ പ്രയോജനകരമായിരിക്കും ഈ ക്ലാസ്സെന്നതിൽ സംശയമില്ല.
കുട്ടികളുടെ പുസ്തകോത്സവത്തോടനുബന്ധിച്ച് 2018 മേയ് 23 ന് ബുധനാഴ്ച വൈകീട്ട് 4 മണിക്ക് ‘സർഗ്ഗാത്മകതയെ വായനയിലൂടെ വളർത്താം’ എന്ന വിഷയത്തെ ആസ്പദമാക്കി ക്ലാസ്സെടുക്കുന്നത് പ്രസിദ്ധ കാഥികനും എഴുത്തുകാരനും പ്രഭാഷകനുമായ പ്രൊഫ. വസന്തകുമാർ സാംബശിവനാണ്. കഥാപ്രസംഗ കലയിലെ നിത്യവിസ്മയവും ഇതിഹാസ പുരുഷനുമായ വി.സാംബശിവന്റെ പുത്രനായ പ്രൊഫ. വസന്തകുമാർ, പിതാവിന്റെ പാതയിലൂടെ സാർത്ഥകമായ പ്രയാണം തുടരുകയാണ്.
അക്കാദമിക് വിഷയങ്ങൾക്കപ്പുറം ജീവിതവിജയത്തിന് അനുപേക്ഷണീയമായ പല പാഠങ്ങളുണ്ട്. അവയിൽ വളരെ പ്രസക്തവും വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുപോലെ അറിഞ്ഞിരിക്കേണ്ടതുമായ വിഷയത്തെക്കുറിച്ചാണ് പ്രൊഫ.വസന്തകുമാർ സാംബശിവൻ ക്ലാസ്സെടുക്കുന്നത്. അത്യപൂർവ്വമായ ഒരനുഭവമായിരിക്കുമത്.
കുട്ടികളുടെ പുസ്തകോത്സവത്തിന്റെ ഭാഗമായി 2018 മേയ് 25 ന് വെള്ളിയാഴ്ച വൈകീട്ട് 4 മണിക്ക് ക്ലാസ്സെടുക്കുന്നത് മുൻ ബി.പി.ഓ.യും മികച്ച അദ്ധ്യാപകനുമായ ശ്രീ.എം.പ്രകാശാണ്.’വിദ്യാർത്ഥികളും പഠന സാഹചര്യവും’ എന്നതാണ് വിഷയം. ഒരു വിദ്യാർത്ഥി നന്നായി പഠിച്ചു വളരാൻ എങ്ങനെയുള്ള സാഹചര്യങ്ങളാണ് ഉണ്ടാകേണ്ടത് എന്നതു സംബന്ധിച്ച് വിദ്യാർത്ഥിയും രക്ഷിതാവും അറിഞ്ഞിരിക്കേണ്ട പരമപ്രധാനമായ കാര്യങ്ങളാണ് ഈ ക്ലാസ്സിന്റെ പ്രതിപാദ്യ വിഷയം. ഈ മേഖലയിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള ശ്രീ.പ്രകാശിന്റെ ക്ലാസ്സ് വിദ്യാർത്ഥികൾക്കും രക്ഷാകർത്താക്കൾക്കും ഒരു പോലെ പ്രയോജനകരമായിരിക്കും.
2018 മേയ് 26 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് പുസ്തക വീട് ഹാളിൽ വളരെ വ്യത്യസ്തമായ ഒരു ക്ലാസ്സ് ഉണ്ടായിരിക്കും. സംസ്ഥാന പൊതുവിദ്യാഭ്യാസ ഡയറക്ടറും പ്രമുഖ സാഹിത്യകാരനുമായ ശ്രീ.കെ.വി.മോഹൻകുമാർ ഐ.എ.എസ്. ആണ് ‘വ്യക്തിവികാസം- പൂർണ്ണതയിലേക്കുള്ള വഴികൾ’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ളതാണ് ക്ലാസ്സ് എടുക്കുന്നത്.
ഈ ക്ലാസ്സിൽ പങ്കെടുക്കാൻ കുട്ടികളും രക്ഷിതാക്കളും അദ്ധ്യാപകരുമുൾപ്പെടെ ഏവരെയും ക്ഷണിക്കുന്നു.
കരുനാഗപ്പള്ളി KSRTC ബസ് സ്റ്റാന്റിനു കിഴക്കു വശത്തുള്ള പുസ്തക വീട് ഷോറൂമിനു മുകളിൽ പുസ്തക വീടിന്റെ തന്നെയുള്ള ഹാളിൽ വച്ചാണ് ക്ലാസുകൾ നടക്കുന്നത്. മേയ് 27 ഞായറാഴ്ച വരെയാണ് പുസ്തകോത്സവം.