കരുനാഗപ്പള്ളി : കേരളത്തിലെ പ്രധാന പരമ്പരാഗത വ്യവസായ മേഖലയായിരുന്ന കയർ വ്യവസായത്തിന്റെ ഈറ്റില്ലമായിരുന്ന ജില്ലയിലെ പ്രധാന മേഖലകളിലെല്ലാം ഇന്നീ വ്യവസായം തകർച്ച നേരിട്ട് ഗുരുതരമായ പ്രതിസന്ധിയെ നേരിടുമ്പോഴും അതിജീവനത്തിന്റെ പോരാട്ടത്തിലൂടെ വിജയഗാഥ രചിച്ച് ഒരു കയർ സഹകരണ സംഘം ശ്രദ്ധേയമാകുന്നു. ക്ലാപ്പന വടക്ക് കയർ വ്യവസായ സഹകരണ സംഘമാണ് (ക്ലിപ്തംനമ്പർ 431) തൊഴിലാളി കൂട്ടായ്മയിൽ തുടർച്ചയായി വിജയഗാഥ രചിച്ച് മുന്നേറുന്നത്.
സംസ്ഥാന കയർ ഫെസ്റ്റിൽ ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാനത്ത് മൂന്നാം സ്ഥാനവും നേടിയാണ് ഇത്തവണയും സംഘം ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ നാലുവർഷമായി ജില്ലയിലെ മികച്ച കയർ സംഘമായി തെരെഞ്ഞെടുക്കുന്നതും ഈ സംഘത്തെ തന്നെ.ക യർ മേഖല നേരിട്ട തകർച്ച ഒരു കാലത്ത് ഈ സ്ഥാപനത്തെയും ബാധിച്ചിരുന്നു. 2012-13 കാലയളവിൽ 17 ലക്ഷം രൂപ നഷ്ടത്തിലായിരുന്നു സംഘം. തൊഴിലാളികളും സംഘം ഭരണ സമിതിയും സർക്കാരിന്റെ പിന്തുണയോടെ നടത്തിയ പരിശ്രമത്തിലൂടെ നഷ്ടം കുറച്ചു കൊണ്ടുവന്ന് ഈ വർഷം അറ്റ ലാഭത്തിലേക്ക് കുതിക്കുകയാണ് സ്ഥാപനം.
1963-ൽ പ്രവർത്തനം തുടങ്ങിയ സംഘം ഇന്ന് എല്ലാ പ്രതിസന്ധികളെയും അതിജീവിച്ച്, വരുമാനം ഉറപ്പാക്കൽ പദ്ധതിയുടെ സഹായത്തോടെ 120 ഓളം തൊഴിലാളികളുമായി മുന്നേറുകയാണ്. സംഘത്തിന് സ്വന്തം പേരിലുള്ള പാട്ടത്തിൽകടവിലെ 13 സെന്റ് സ്ഥലത്തുള്ള വർക്ക്ഷെഡ്ഡുൾപ്പടെ 70 ഓളം വർക്ക് ഷെഡ്ഡുകളിലായാണ് തൊഴിൽ നടക്കുന്നത്. ആട്ടോമാറ്റിക് സ്പിന്നിംഗ് മിഷ്യൻ (എ.എസ്.എം.) ഉപയോഗപ്പെടുത്തിയതോടെയാണ് സംഘം ലാഭത്തിലേക്ക് കുതിച്ചത്.
വൈക്കം കയറാണ് ഇവിടെ പ്രധാനമായുംപിരിക്കുന്നത്. മങ്ങാടനും ആറാട്ടുപുഴയും ഇടക്ക് പിരിക്കാറുണ്ട്. 2018-19 വർഷം പ്രളയവും ശക്തമായ മഴയും പ്രതിസന്ധിയായിട്ടും 2112 കിന്റൽ കയർ ഉൽപ്പാദിപ്പിച്ച് 85 ലക്ഷത്തിന്റെ വിൽപ്പന നേടി. 8.50 ലക്ഷം രൂപ സർക്കാർ പ്രൊഡക്ഷൻ ഇൻസെന്റീവായും നൽകി. കയർഫെഡാണ് ഉൽപ്പാദിപ്പിക്കുന്ന കയർ എടുക്കുന്നത്. ഈ വർഷം ഒരു കോടിയുടെ ഉൽപ്പാദനമാണ് ലക്ഷ്യമിടുന്നതെന്ന് സംഘം പ്രസിഡന്റും ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ എ. മജീദും സെക്രട്ടറി എസ്. ശ്രീജയും പറഞ്ഞു. ജില്ലയിൽ പ്രവർത്തിക്കുന്ന 74 കയർ സംഘങ്ങൾക്കും പ്രതിസന്ധിയെ കൂട്ടായ്മയിലൂടെ മറികടന്ന് വിജയം വരിക്കാം എന്ന സന്ദേശം പകർന്നു നൽകുകയാണ് ക്ലാപ്പന കയർ സംഘം.