വ്യത്യസ്ഥമായ ചാരിറ്റി പ്രവർത്തനങ്ങളുമായി സ്നേഹ സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി ഒന്നാം വയസ്സിലേക്ക്….

കരുനാഗപ്പള്ളി : കുറഞ്ഞ കാലയളവിൽ നിരവധി ചാരിറ്റി പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ സ്നേഹ സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ ഒന്നാം വാർഷിക സമ്മേളനം കരുനാഗപ്പള്ളി ഐ.എം.എ. ഹാളിൽ വച്ച് നടന്നു. കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും, മുഖ്യ രക്ഷാധികാരിയുമായ ശ്രീ. ശിവരാജൻ അധ്യക്ഷത വഹിച്ച സമ്മേളനം ബഹുമാനപ്പെട്ട കരുനാഗപ്പള്ളി എം.എൽ.എ. ശ്രീ രാമചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. സ്നേഹ സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ സെക്രട്ടറി ശ്രീ അഷറഫ് അബു യോഗത്തിൽ സ്വാഗതം പറഞ്ഞു.മാരകമായ രോഗം ബാധിച്ച് വീടുകളിൽ കഴിയുന്ന രോഗികളുടെ 50 കുടുംബങ്ങൾക്ക് ഓരോ മാസവും നൽകുന്ന ഭക്ഷ്യവസ്തുക്കളുടെ കിറ്റ് വിതരണ ഉദ്ഘാടനവും ചടങ്ങിൽ നടന്നു. സമ്മേളനത്തോടനുബന്ധിച്ച് തിരുവനന്തപുരം ആർ.സി.സിയുടെ കോഴഞ്ചേരി സോണൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ ക്യാൻസർ നിർണയ ക്യാമ്പും സംഘടിപ്പിച്ചു.

വാഹനാപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് അബോധാവസ്ഥയിൽ കഴിയുന്ന കരുനാഗപ്പള്ളി കോഴിക്കോട് സ്വദേശി അനൂപ് എന്ന വ്യക്തിയ്ക്കുള്ള ചികിത്സാ ധനസഹായവും ഗാനമേളയിലൂടെ സംഘടന സ്വരൂപിക്കുന്നുണ്ട്.
യോഗത്തിൽ ഡോ: അനിൽ മുഹമ്മദ്, ശ്രീ. പി.ആർ. വസന്തൻ, ശ്രീ. സി.ആർ. മഹേഷ് തുടങ്ങിയവർ മുഖ്യാതിഥികളായിരുന്നു.തിരുവനന്തപുരം ആർ.സി.സി. സൂപ്രണ്ട് ഡോക്ടർ സാജിദ്, കെ.സി ഗ്രൂപ്പ് ഡയറക്ടർ ശ്രീ അബ്ദുൽ ജബ്ബാർ, കാരുണ്യ പ്രവർത്തകരായ ശ്രീമതി പ്രിയ അച്ചു (ഗായിക), ശ്രീ. യൂസുഫ് സാഹിബ്, ശ്രീ. ജലീൽ ചാലിയം, നൗഷാദ് കരുനാഗപ്പള്ളി തുടങ്ങിയവരെയും യോഗത്തിൽ ആദരിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !