കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

കരുനാഗപ്പള്ളി : നമ്മുടെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. ശ്രീ. ആർ.രാമചന്ദ്രൻ എം.എൽ.എ. പ്രവർത്തനോദ്ഘാടനം നിർവഹിച്ചു.

കിഫ്ബിയിൽനിന്ന്‌ അനുവദിച്ച അറുപത് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് യൂണിറ്റ് പ്രവർത്തനസജ്ജമാക്കിയത്. ഇതിൽ പന്ത്രണ്ട് ലക്ഷത്തോളം രൂപയുടെ സിവിൽ വർക്കുകൾ കെ.എച്ച്.ആർ.ഡബ്ല്യു.സി. ആണ് പൂർത്തിയാക്കിയത്.

ഒരു ദിവസം രണ്ടു ഷിഫ്റ്റുകളിലായി പന്ത്രണ്ടുപേർക്ക് ഡയാലിസിസ് നടത്താനുള്ള സൗകര്യമാണ് ഇവിടുള്ളത്. ഒരാൾക്ക് ഡയാലിസിസ് നടത്തുന്നതിന് നാലു മണിക്കൂറാണ് വേണ്ടിവരിക. ആറുപേർക്കുവീതം രണ്ടു ഷിഫ്റ്റുകളായാണ് യൂണിറ്റ് പ്രവർത്തിക്കുക.

ഡോ. ബിന്ദുവിന്റെ നേതൃത്വത്തിലാണ് യൂണിറ്റിന്റെ പ്രവർത്തനം നടക്കുക. അഞ്ച് ഡയാലിസിസ് ടെക്നീഷ്യൻമാരെയും ഇവിടെ നിയമിച്ചിട്ടുണ്ട്.

കോഴിക്കോട് സ്വദേശിയായ ഇരുപത്തഞ്ചുകാരന് ഡയാലിസിസ് നടത്തിയാണ് യൂണിറ്റിന്റെ ഉദ്‌ഘാടനം ആദ്യദിനത്തിൽ നടന്നത്.

നഗരസഭ ചെയർപേഴ്സൺ എം.ശോഭന അധ്യക്ഷയായി ചേർന്ന പ്രവർത്തനോദ്ഘാടന യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ ആർ.രവീന്ദ്രൻ പിള്ള, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ സുബൈദ കുഞ്ഞുമോൻ, ആശുപത്രി സൂപ്രണ്ട് ഡോ. തോമസ് അൽഫോൺസ്, ആർ.എം.ഒ. ഡോ. അനൂപ് കൃഷ്‌ണൻ എന്നിവർ സംസാരിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !