കരുനാഗപ്പള്ളി : ദുരന്തമുഖത്ത് കൈതാങ്ങാകാൻ കുട്ടിപ്പോലീസിന് പരിശീലനമൊരുക്കി അഗ്നിശമന സേന. കരുനാഗപ്പള്ളി ഗവ.ഹയർ സെക്കന്ററി സ്കൂളിലെ എസ്.പി.സി. കേഡറ്റുകൾക്കായാണ് പരിശീലനമൊരുക്കിയത്. വെള്ളത്തിൽ വീണും അഗ്നിയിൽ അകപ്പെട്ടും ഉണ്ടാകുന്ന അപകടങ്ങളിലും ദുരന്തമുഖങ്ങളിലും അടിയന്തിര സഹായം എത്തിക്കുന്നത് ഉൾപ്പടെയുള്ള കാര്യങ്ങളിൽ പ്രായോഗിക പരിശീലനം നടന്നു. ഗ്യാസ് സിലിണ്ടറിൽ നിന്നും ലീക്കുണ്ടാകുമ്പോഴും, അഗ്നിബാധ ഉണ്ടാകുമ്പോഴും ആളുകളെ രക്ഷപ്പെടുത്തുന്നതുൾപ്പടെ അഗ്നി ശമന സേനാംഗങ്ങൾ കുട്ടികൾക്ക് കാട്ടിക്കൊടുത്തു. ദുരന്തനിവാരണ പദ്ധതിയുടെ ഭാഗമായി കരുനാഗപ്പള്ളി ഫയർ ആൻറ് റെസ്ക്യൂ ഫോഴ്സിന്റെ നേതൃത്വത്തിലായിരുന്നു പരിശീലനം. തുടർന്ന് ഡിസാസ്റ്റർ മാനേജ്മെൻറ് സംബന്ധിച്ച വിഷയത്തിൽ ബോധവൽക്കരണ ക്ലാസും നടന്നു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ സക്കറിയ അഹമ്മദ് കുട്ടി, ലീഡിംഗ് ഫയർമാൻമാരായ അനിൽ കുമാർ, വിപിൻ, രഞ്ജിത്ത്, സുധീർകുമാർ, എസ് പി സി കോ-ഓർഡിനേറ്റർ ശ്രീലത, എ എസ് ഐ ഉത്തരക്കുട്ടൻ എന്നിവർ സംസാരിച്ചു.
Copyright © 2003-2024 karunagappally.com Developed by Sudheesh.R