കരുനാഗപ്പള്ളി : പ്രളയത്തിൽ വീട് നഷ്ടപെട്ട സഹപാഠിക്ക് സ്നേഹ സമ്മാനമായി ജൂനിയർ റെഡ്ക്രോസ് വിദ്യാർത്ഥികൾ നിർമ്മിച്ചു നൽകിയ വീട് കൈമാറി. തഴവാ ഗവ: എൽ.പി.എസിലെ ജൂനിയർ റെഡ്ക്രോസ് കേഡറ്റായ നക്ഷത്രയ്ക്കാണ് സ്നേഹഭവനമൊരുക്കിക്കൊണ്ട് ജില്ലയിലെ ജൂനിയർ റെഡ്ക്രോസ് കേഡറ്റുകളും ചുമതലക്കാരായ അധ്യാപകരും മാതൃകയായത്.
2018 ആഗസ്റ്റിലെ പ്രളയത്തിൽ തൊടിയൂർ വടക്ക് സൈക്കിൾ ജംഗ്ഷനു സമീപം സ്ഥിരതാമസക്കാരായിരുന്ന മധുരാപുരിയിൽ ശിവപ്രസാദിനും, ബീനയ്ക്കും വീട് പുർണ്ണമായും നഷ്ടപ്പെട്ടിരുന്നു. ശിവ പ്രസാദിന്റെയും ബീനയുടെയും മുത്തമകളാണ് തഴവാ എ.വി എൽ.പി.എസിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി നക്ഷത്ര.
വീടിന്റെ കൈമാറ്റ ചടങ്ങിന്റെ ഭാഗമായി ചേർന്ന സമ്മേളനം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജെ.ആർ.സി. സംസ്ഥാന കോ-ഓർഡിനേറ്റർ ജ്യോതിഷ് ആർ. നായർ താക്കോൽ കൈമാറി.
കൊല്ലം ഡി.ഡി.ഇ. ടി.ഷീല അധ്യക്ഷയായി. മുഹമ്മദ് യാസിം സ്വാഗതം പറഞ്ഞു. ജില്ലാ ചെയർമാൻ മാത്യു ജോൺ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കടവിക്കാട്ട് മോഹനൻ ,ജില്ലാ പഞ്ചായത്ത് അംഗം അനിൽ എസ് കല്ലേലിഭാഗം, ഷഹനാസ്, കോടിയാട്ട് രാമചന്ദ്രൻ പിള്ള, ജെ.ഹരിലാൽ,ശിവൻപിള്ള, വിളയിൽ ഹരികുമാർതുടങ്ങിയവർ സംസാരിച്ചു.
റെഡ്ക്രോസിന്റെ സ്നേഹക്കൂട് പദ്ധതി പ്രകാരമാണ് വീട് നിർമ്മിച്ചു നൽകിയത്. 5 സെന്റ് പുരയിടമുള്ള ഭവന രഹിതരായ കേഡറ്റിന് വീട് വച്ച് നൽകുന്ന പദ്ധതിയാണ് സ്നേഹക്കൂട് പദ്ധതി. 650 ചതുരശ്ര അടിയിൽ എല്ലാ സൗകര്യങ്ങളോടെയുമാണ് ഭവനം പൂർത്തീകരിച്ചിട്ടുള്ളത്. നക്ഷത്രയുടെ സ്കുളിലെ ജൂനിയർ റെഡ്ക്രോസ് കേഡറ്റുകൾ, ജില്ലയിലെ അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ ചേർന്ന് 9,50,000/- രൂപ ചെലവിട്ടാണ് വീടിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിച്ചത്.