ഒരേക്കര്‍ ഭൂമിയില്‍ കരനെല്‍ക്കൃഷിയുമായി കരുനാഗപ്പള്ളി ഗവ. എച്ച്.എസ്.എസ്. സീഡ് ക്ലബ്ബ് വിദ്യാര്‍ഥികള്‍

കരുനാഗപ്പള്ളി : നെല്‍ക്കൃഷിയെ തിരികെ കൊണ്ടുവരാന്‍ തങ്ങളാലാകുന്നത് നല്‍കുകയാണ് കരുനാഗപ്പള്ളി ഗവ. ഹയര്‍ സെക്കന്‍ഡറി ആന്‍ഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിലെ വിദ്യാര്‍ഥികള്‍. അവധിദിനത്തില്‍ ഒരേക്കര്‍ സ്ഥലത്ത് നെല്ലുവിതച്ച് കരനെല്‍ക്കൃഷിക്ക് വിദ്യാര്‍ഥികള്‍ തുടക്കമിട്ടു.
കരുനാഗപ്പള്ളി പട. വടക്ക് പുതുശ്ശേരില്‍ രാജന്‍ കൃഷിചെയ്യുന്നതിന് സൗജന്യമായി നല്‍കിയ ഒരേക്കര്‍ സ്ഥലത്താണ് വിദ്യാര്‍ഥികള്‍ കരനെല്‍ കൃഷിചെയ്യുന്നത്. കരുനാഗപ്പള്ളി കൃഷിഭവനാണ് കൃഷിക്ക് ആവശ്യമായ ഉമ എന്നയിനം നെല്‍വിത്ത് നല്‍കിയത്.

കൃഷിഭവന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചാണ് കൃഷിചെയ്യുന്നത്. ഒരേക്കര്‍ സ്ഥലം ട്രാക്ടര്‍ ഉപയോഗിച്ച് ഉഴുതാണ് കൃഷിക്ക് അനുയോജ്യമാക്കിയത്. സ്‌കൂളിലെ മാതൃഭൂമി സീഡ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ 30 ലധികം വിദ്യാര്‍ഥികള്‍ വിത്തുവിതയ്ക്കുന്നതില്‍ പങ്കുചേര്‍ന്നു. രാവിലെ നഗരസഭാ കൗണ്‍സിലര്‍ ശക്തികുമാര്‍ ഉദ്ഘാടനം ചെയ്തു.

എസ്.എം.സി. ചെയര്‍മാന്‍ തേവറ നൗഷാദ്, പി.ടി.എ. പ്രസിഡന്റ് അനില്‍കുമാര്‍, പ്രഥമാധ്യാപകന്‍ എം.ഹുസൈന്‍, ജി.പി.വേണു, സീഡ് ക്ലബ്ബ് സെക്രട്ടറി ഗൗതംചന്ദ്ര, പ്രസിഡന്റ് ആനന്ദ് എസ്., ജോ. സെക്രട്ടറി അഭിരാമി, പ്രോഗ്രാം ലീഡര്‍ അഖില്‍ കൃഷ്ണ, സീഡ് കോ-ഓര്‍ഡിനേറ്റര്‍ സോപാനം ശ്രീകുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കൃഷി ഓഫീസര്‍ രേവതി രമണന്‍, കൃഷി അസിസ്റ്റന്റുമാരായ ഷൈല എസ്., അനീഷ എന്നിവര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി. നെല്‍ക്കൃഷിയുടെ വിവിധ ഘട്ടങ്ങള്‍ വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് ബോധ്യപ്പെടുത്തികൊടുക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. കൃഷിയുടെ തനിമയും പഴമയും നിലനിര്‍ത്തി കൊയ്ത്തുത്സവവും നടത്താനാണ് സീഡ് ക്ലബ്ബ് ഉദ്ദേശിക്കുന്നത്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !