കരുനാഗപ്പള്ളി ഗവ. മോഡല്‍ സ്‌കൂള്‍ മികവിന്റെ കേന്ദ്രമാകാന്‍ ഒരുങ്ങുന്നു

കരുനാഗപ്പള്ളി: കരുനാഗപ്പള്ളി ഗവ. മോഡല്‍ ഹയര്‍ സെക്കന്‍ഡറി ആന്‍ഡ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മികവിന്റെ കേന്ദ്രമാകാന്‍ ഒരുങ്ങുകയാണ്. കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന സ്‌കൂളുകളില്‍ ഉള്‍പ്പെട്ടതാണ് കരുനാഗപ്പള്ളി ഗവ. മോഡല്‍ സ്‌കൂളും.

യു.പി.തലം മുതല്‍ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വരെയാണ് സ്‌കൂളിലുള്ളത്. മൊത്തം 2950 വിദ്യാര്‍ഥികള്‍ സ്‌കൂളില്‍ പഠിക്കുന്നു. എട്ടാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ ഓരോ സ്റ്റാന്‍ഡേര്‍ഡിലും പതിനൊന്ന് ഡിവിഷനുകള്‍ വീതമാണുള്ളത്. പരിമിതമായ സ്ഥലസൗകര്യങ്ങളിലും പഠന-പാഠ്യേതര മേഖലകളില്‍ മികച്ച വിജയങ്ങള്‍ സ്‌കൂള്‍ സ്വന്തമാക്കുകയും ചെയ്തു.

എസ്.എസ്.എല്‍.സി., പ്ലസ് ടു, വി.എച്ച്.എസ്.സി. പരീക്ഷകളിലും സ്‌കൂള്‍ മികച്ച വിജയമാണ് ആവര്‍ത്തിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍പിടിക്കാന്‍ പി.ടി.എ., എസ്.എം.സി., പൂര്‍വവിദ്യാര്‍ഥി സംഘടന, സ്‌കൂള്‍ വികസനസമിതി എന്നിവ ഉള്‍പ്പെട്ട കര്‍മസമിതി രൂപവത്കരിച്ചു.

ആര്.രാമചന്ദ്രന്‍ എം.എല്‍.എ., കെ.സി.വേണുഗോപാല്‍ എം.പി., നഗരസഭാ ചെയര്‍മാന്‍, കൗണ്‍സിലര്‍മാര്‍ എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതികള്‍ നടപ്പാക്കുക. ഭൗതികസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താനുള്ള മാസ്റ്റര്‍ പ്ലാന്‍ രൂപവത്കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും തുടങ്ങി.

ഡിജിറ്റൽ ക്ലാസ് മുറികള്‍, ഡിജിറ്റല്‍ വായനശാല, ആധുനിക ലാബുകള്‍, വൃത്തിയുള്ളതും വിസ്തൃതവുമായ ഭക്ഷണവിതരണസ്ഥലവും പാചകശാലയും കുടിവെള്ള ലഭ്യത, ബയോഗ്യാസ് പ്ലാന്റ്, സോളാര്‍ എനര്‍ജി, ഉദ്യാനം, മാലിന്യനിര്‍മാര്‍ജന സംവിധാനം, പ്ലാസ്റ്റിക് വിമുക്ത കാമ്പസ് എന്നിവയെല്ലാം ഉള്‍ക്കൊള്ളുന്നതാണ് മാസ്റ്റര്‍ പ്ലാന്‍.

ഗ്രൗണ്ട് ഫ്‌ളോറില്‍ അസംബ്ലി നടത്താന്‍ സൗകര്യമുള്ള പുതിയ കെട്ടിടങ്ങള്‍. നാല് വശങ്ങളിലായി കെട്ടിടങ്ങളും മധ്യഭാഗത്ത് തുറസ്സായ സ്ഥലവും എന്ന രീതിയിലാണ് കെട്ടിടങ്ങള്‍ പ്ലാന്‍ ചെയ്യുന്നത്. ഹയര്‍ സെക്കന്‍ഡറി, ഹൈസ്‌കൂള്‍ വിഭാഗങ്ങള്‍ക്ക് ഫണ്ട് ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ആര്‍.രാമചന്ദ്രന്‍ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ തുടങ്ങി. മുക്കാല്‍ക്കോടി അനുവദിച്ചുകഴിഞ്ഞു.

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിക്ക് ഒരുകോടി രൂപ അനുവദിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു. ഹൈസ്‌കൂള്‍ കെട്ടിടങ്ങള്‍ക്കുള്ള പ്രൊപ്പോസല്‍ സര്‍ക്കാരിന്റെ പരിഗണനയിലാണ്. കൂടാതെ, പുതിയ പദ്ധതി പ്രകാരമുള്ള സര്‍ക്കാര്‍ ഫണ്ടും ലഭിക്കും. ബാക്കി തുക സ്‌പോണ്‍സര്‍ഷിപ്പിലൂടെയും പൊതുസമൂഹത്തില്‍നിന്ന് കണ്ടെത്താനാണ് ശ്രമിക്കുന്നത്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !