കരുനാഗപ്പള്ളി ജനമൈത്രി പോലീസും ഗാന്ധിഭവനും സഹായിക്കാനായെത്തി….

കരുനാഗപ്പള്ളി : കുറച്ചു ദിവസമായി സോഷ്യൽമീഡിയ ചർച്ച ചെയ്യുന്ന ബാബു എന്ന് വിളിക്കുന്ന ശ്രീകണ്ഠൻ നായർക്ക് സഹായമാെരുക്കിക്കൊണ്ട് കരുനാഗപ്പള്ളി ജനമൈത്രി പോലീസും ഗാന്ധിഭവൻ അധികൃതരും എത്തി. ഇരു കണ്ണുകൾക്കും കാഴ്ച നഷ്ടപ്പെട്ട ഈ വൃദ്ധൻ സഹായത്തിന് ആരുമില്ലാതെ ദുരിതത്തിൽ കഴിയുകയായിന്നു. പ്രദേശവാസികളുടെ സഹായത്താൽ കഴിഞ്ഞു വന്ന ഇദ്ദേഹത്തിന് ഇനി മുതൽ ഗാന്ധിഭവൻ തണലൊരുക്കും. വർഷങ്ങൾക്ക് മുമ്പ് നടന്ന അരിഷ്ട ദുരന്തത്തിലാണ് ഇദ്ദേഹത്തിന്റെ കാഴ്ചശക്തി നഷ്ടമായത്. വള്ളിക്കാവ് ജെട്ടിയോട് ചേർന്ന് അമൃത സേതു പാലത്തിന് സമീപം മണികണ്ഠമംഗലം വീട്ടിൽ 65-ാം വയസിൽ ഒറ്റപ്പെടലിന്റെ വേദനയുമായി കഴിയുകയായിരുന്നു ഇദ്ദേഹം. കാഴ്ചശക്തി പൂർണ്ണമായും നഷ്ടപ്പെട്ട ഇദ്ദേഹത്തിന്റെ ആരോഗ്യനിലയും ഗുരുതരമാണ്. ആരുടെ എങ്കിലും സഹായം ഇല്ലാതെ പ്രാഥമിക കർമ്മങ്ങൾപോലും നടത്താൻ കഴിയാത്ത സാഹചര്യമായിരുന്നു.2 മക്കളും ഭാര്യയും ഉണ്ടങ്കിലും വർഷങ്ങളായി ഇദ്ദേഹവുമായി യാതൊരുവിധ ബന്ധവും ഇല്ലാതെ കഴിയുകയാണ്. ഏത് നിമിഷവും തകർന്ന് വീഴുന്ന നിലയിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നന്ന പഴയവീട്.4 സെന്റ് വസ്തുവിലാണ് ഇടിഞ്ഞു വീഴാറായ വീട് നിൽക്കുന്നത്. സുമനസുകളായ അയൽവാസികളായിരുന്നു ഇദ്ദേഹത്തിന് ആഹാരം കൊടുക്കുന്നതും പ്രാധമിക കൃത്യങ്ങൾ ഉൾപ്പടെ നടത്താൻ സഹായിച്ചു വന്നതും. ഇദ്ദേഹത്തെ ഇവിടെ നിന്നും മാറ്റി പാർപ്പിക്കേണ്ടത് അനിവാര്യമായി കഴിഞ്ഞ സാഹചര്യത്തിൽ ജീവകാരുണ്യ പ്രവർത്തകനും ഗാന്ധിഭവൻ കോ-ഓർഡിനേറ്ററുമായ സിദ്ധിക്ക് മംഗലശ്ശേരിയെ വാർഡ് മെമ്പറും ജനമൈത്രി പോലീസും ഉൾപ്പടെയുള്ളവർ വിവരമറിയിച്ചത്. വ്യാഴാഴ്ച രാവിലെ അദ്ദേഹം സ്ഥലത്തെത്തി വൃദ്ധനെ ഏറ്റെടുത്തു. എ.എസ്.ഐ. ഉത്തരക്കുട്ടൻ വൃദ്ധനെ കൈമാറി.വാർഡ് മെമ്പർ എസ് സുഭാഷ് ,സന്തോഷ്, ശ്രീരാജ്, പ്രസാദ്, വനിതാ പോലീസ് കോൺസ്റ്റബിൾ ഉഷ തുടങ്ങിയവർ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !