കരുനാഗപ്പള്ളിയിൽ സ്ത്രീകൾക്കും അമ്മമാർക്കുമായി വിശ്രമ കേന്ദ്രം തുറന്നു….

കരുനാഗപ്പള്ളി : സിവിൽ സ്റ്റേഷനിൽ എത്തുന്ന നൂറുകണക്കിന് സ്ത്രീകൾക്കും അമ്മമാർക്കും വിശ്രമകേന്ദ്രം തുറന്നു. സംസ്ഥാന സർക്കാർ അനുവദിച്ച 10 ലക്ഷത്തോളം രൂപ ഉപയോഗിച്ചാണ് താലൂക്ക് കോൺഫറൻസ് ഹാളിനു സമീപം വിശ്രമമുറി ഒരുങ്ങിയത്. ഇതിനുള്ളിൽ സ്ത്രീകൾക്ക് വിശ്രമിക്കാനുള്ള ഇരിപ്പിടങ്ങളും അമ്മമാർക്ക് മുലയൂട്ടാനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. ടോയ്‌ലറ്റ് സംവിധാനവും തയ്യാറാക്കിയിട്ടുണ്ട്. പൊതുമരാമത്ത് വിഭാഗത്തിനായിരുന്നു നിർമ്മാണ ചുമതല. കരുനാഗപ്പള്ളി താലൂക്ക് ഓഫീസിൽ വിവിധ ആവിശ്യങ്ങൾക്കായി നിരവധി പേരാണ് എത്തിച്ചേരുന്നത്. ട്രഷറിയിൽ പെൻഷൻ വിതരണമുൾപ്പടെയുള്ള ദിവസങ്ങളിൽ വൻ തിരക്കാണനുഭവപ്പെടുന്നത്. നിന്നു തിരിയാൻ ഇടമില്ലാത്ത ഇവിടെ ഏറെ ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നത് സ്ത്രീകളും കുട്ടികളുമാണ്. പുതിയ സെന്റർ വന്നതോടെ ഇവർക്ക് ഏറെ ആശ്വാസമാകുകയാണ്. വിശ്രമകേന്ദ്രത്തിന്റെ ഉദ്ഘാടനം ആർ രാമചന്ദ്രൻ എം എൽ എ നിർവ്വഹിച്ചു. നഗരസഭാ ചെയർപേഴ്സൺ എം ശോഭന അധ്യക്ഷയായി. വൈസ് ചെയർമാൻ ആർ രവീന്ദ്രൻപിള്ള, തഹസിൽദാർ എൻ സാജിദാബീഗം, വില്ലേജ് ഓഫീസർ ഡി സജീവ് തുടങ്ങിയവർ സംസാരിച്ചു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !