കരുനാഗപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌ക്കൂളിലെ കുട്ടികൾ അംഗൻവാടിക്ക് വേറിട്ട മുഖം നൽകി….

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭ പത്താം വാർഡിലെ അംഗനവാടിക്ക് ഇപ്പോൾ വേറിട്ട മുഖമാണ്. കഴിഞ്ഞ ഏതാനം ദിവസങ്ങളായി പഠനത്തിനൊപ്പം കുറെ വിദ്യാർത്ഥികൾ നടത്തിയ ശ്രമത്തിന്റെ ഫലമാണിത്. വർണ ചിത്രങ്ങളും പുത്തൻ നിറവുമെല്ലാം മാമ്പുഴ 34-ാം നമ്പർ അംഗൻവാടിയ്ക്ക് ഇപ്പോൾ വേറിട്ടഭംഗിയാണ് നൽകുന്നത്.

കരുനാഗപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിലെ നാഷണൽ സർവീസ് സ്‌കീമിന്റെ നേതൃത്വത്തിലാണ് അംഗൻവാടിയെ പുതുക്കി നിർമ്മിച്ചത്.

അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ചുവരുകൾക്ക് വർണ്ണ നിറങ്ങൾ പൂശി വൃത്തിയാക്കി. പ്രകൃതിയുടെ ഭാഗമായി ജീവിക്കേണ്ടതിന്റെ സന്ദേശം പകരുന്ന ചിത്രങ്ങളും അമ്മയുടെയും കുഞ്ഞിന്റെയും പക്ഷികൾ, കാർട്ടൂൺ കഥാപാത്രങ്ങൾ തുടങ്ങിയ ചിത്രങ്ങളാൽ ചുവരുകൾ ആകർഷകമായി കഴിഞ്ഞു. കോൺക്രീറ്റ് മേൽക്കൂരയുടെ ചോർച്ച പരിഹരിക്കാൻ പ്ലാസ്റ്ററിംഗ് ജോലികളാണ് ആദ്യം ചെയ്തത്. തുടർന്ന് മുറ്റവും പരിസരവും ടൈൽ പാകി വൃത്തിയാക്കി.ഇതോടെ കുട്ടികൾ നടന്നു പോകുന്ന സ്ഥലത്തെ വെള്ളകെട്ടും ഒഴിവായി. അത്യാവശ്യം പ്ലംബിങ് വർക്കുകളും നടത്തി.

നാഷണൽ സർവീസ് സ്‌കീമിന്റെ 50-ാം വാർഷികത്തിന്റെയും ഗാന്ധിജിയുടെ 150-ാം ജന്മ വാർഷകത്തിന്റെയും പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെയും ഭാഗമായി നടപ്പാക്കുന്ന ശ്രേഷ്ഠ ബാല്യം പദ്ധതിയുടെ ഭാഗമായാണ് അംഗണവാടി നവീകരണ പദ്ധതി ഏറ്റെടുത്തത്. പൊതുജനങ്ങളുടെ സഹായത്തോടെയാണ് പ്രവർത്തനങ്ങൾ നടക്കുന്നത്.

പ്രിൻസിപ്പാൽ സജി എസ്., എൻഎസ്എസ് പ്രോഗ്രാം ഓഫീസർ മഞ്ജുശ്രീ വി എസ്, പ്രോഗ്രാം കോ-ഓർഡിനേറ്റർ ഷാലികുമാർ, എൻ എസ് എസ് വോളണ്ടിയർ ലീഡർ ഷാഹിൻ അഹമ്മദ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !