കരുനാഗപ്പള്ളി : ദേശീയ സ്കൂൾ ചെസ്സ് മത്സരത്തിലേക്ക് സെലക്ഷൻ നേടി സഹോദരങ്ങൾ ശ്രദ്ധേയരാവുന്നു. കരുനാഗപ്പള്ളി, മരുതൂർക്കുളങ്ങര സ്വദേശികളായ അഞ്ചുവും അജിൻ രാജുമാണ് ഈ അപൂർവ്വ നേട്ടം കൈവരിച്ചിരിക്കുന്നത്.
നവംബർ 3 മുതൽ 9 വരെ കേന്ദ്രഭരണ പ്രദേശമായ സിൽവാസയിൽ വെച്ച് നടക്കുന്ന നാഷണൽ സബ്ജൂനിയർ ആൺകുട്ടികളുടെ വിഭാഗം ചെസ് മത്സരത്തിൽ മുഴങ്ങോട്ടുവിള, ഗവൺമെന്റ് എസ്.കെ.വി യു.പി.എസിലെ 7-ാം ക്ലാസ് വിദ്യാർത്ഥി അജിൻ രാജിന് വീണ്ടും അവസരം ലഭിക്കുകയായിരുന്നു. നവംബർ 16 മുതൽ 24 വരെ കൽക്കട്ടയിൽ നടക്കുന്ന ജൂനിയർ ഗേൾസ് വിഭാഗം മത്സരത്തിനാണ് സഹോദരി അഞ്ചു ജിയ്ക്ക് അവസരം ലഭിച്ചിരിക്കുന്നത്.
കരുനാഗപ്പള്ളി ഗേൾസ് ഹൈസ്കൂളിലെ 9-ാം ക്ലാസ് വിദ്യാർത്ഥിയാണ് അഞ്ചു.ജി.ഇരുവരും കഴിഞ്ഞ വർഷം നാഷണൽ ചെസ്സ് മത്സരത്തിൽ കേരളത്തെ പ്രതിനിധീകരിച്ചവരാണ്. അഞ്ചു ജി സ്റ്റേറ്റ് അണ്ടർ 15 വിഭാഗത്തിൽ സെക്കന്റ് റണ്ണറപ്പ് ആണ്. അഞ്ചുവിന്റെ ഈ വർഷത്തെ രണ്ടാമത്തെ നാഷണൽ മത്സരമാണ്. അജിൻ രാജാവട്ടെ സ്കൂൾ തലം മുതൽ സോണൽ മത്സരം വരെ ഒന്നാം സ്ഥാനം നേടിയിരുന്നു.
ചെസ്സ് അണ്ടർ.13 ,അണ്ടർ 14, അണ്ടർ 15, എന്നീ വിഭാഗങ്ങളിൽ ജില്ലാ ചാമ്പ്യൻ കൂടിയാണ്. അച്ഛൻ കെ എസ്.ആർ.ടി.സി. കരുനാഗപ്പള്ളി ഡിപ്പോയിലെ കണ്ടക്ടറാണ്. ഇരുവരും കരുനാഗപ്പള്ളി നൈറ്റ്ചെസ്സ് അക്കാഡമിയിലെ ഉണ്ണികൃഷ്ണൻ പി.ജി. യുടെ വിദ്യാർത്ഥികളാണ്.