കരുനാഗപ്പള്ളി കുലശേഖരപുരത്ത് നെൽകൃഷിയിൽ നൂറുമേനി വിളവുമായി….

കരുനാഗപ്പള്ളി : നെൽപാടങ്ങൾ അപ്രത്യക്ഷമാകുന്ന കാലഘട്ടത്തിൽ കുലശേഖരപുരം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ കൃഷിക്കാർ കരനെൽ കൃഷിയിൽ നൂറുമേനി നെല്ല് വിളയിക്കുന്നത് വേറിട്ട കാഴ്ചയാകുന്നു. മഴയെ പൂർണ്ണമായും ആശ്രയിച്ച് നിലം ഒരുക്കൽ മുതൽ വിളവെടുപ്പ് വരെയുള്ള കാലയളവ് ക്രമീകരിച്ചാണ് നൂറുമേനി നെല്ല് വിളയിക്കുന്നത്. നുറുശതമാനം ജൈവകൃഷി സമ്പ്രദായത്തിലുടെയാണ് കൃഷി നടപ്പിലാക്കുന്നത്. കൃഷിയിടങ്ങളുടെ സമീപത്തുള്ള കാലി വളർത്തൽ കർഷകരുമായി സഹകരിച്ച് അവരുടെ ചാണകവും സ്ലെറിയും കൃഷിയ്ക്ക് ഉപയോഗിക്കുന്നു. പകരം ജൈവ വൈക്കോൽ കൃഷിക്കാരനു തിരിച്ചുനൽകുന്നു. കരനെൽ വിളയിച്ച സ്ഥലത്തെല്ലാം നാള്ളകേരത്തിന് നല്ല പുഷ്ടിയും അധിക ഉൽപ്പാദനവും ലഭിക്കുന്നു എന്നതാണ് മറ്റൊരുസവിശേഷത. ഭൂഗർഭ ജലം പരമാവധി മണ്ണിൽ ശേഖരിക്കുന്ന കരനെൽകൃഷി പ്രദേശം വരുന്ന വേനലിൽ കിണറുകളിലെ ജലലഭ്യത ഉറപ്പാക്കും എന്നതാണ് മറ്റൊരു പ്രധാന നേട്ടം. പഞ്ചായത്തിന്റെ വിവിധ കോണുകളിൽ പറ്റുന്ന സ്ഥലങ്ങളിലെല്ലാം ഇത്തരത്തിലുള്ള കൃഷി പ്രയോജനപ്പെടുത്താൻ ശ്രമിക്കുകയാണ് കൃഷി വകുപ്പും പഞ്ചായത്തും.

ഹരിത കേരളാ മിഷന്റെ സഹായത്താൽ തൊഴിലുറപ്പു പദ്ധതി കൂടിസംയോജിക്കുമ്പോൾ ജോലിക്കൂലിയും കർഷകർക്ക് ലഭിക്കാനാകുന്നു. ഈ തരത്തിൽ നൂറുമേനി വിളയിച്ച കർഷകയായ വെള്ളങ്ങാട്ട് വല്യത്ത് പ്രസന്ന സോമദേവനും മക്കളും. കുലശേഖരപുരത്തെ കുറുങ്ങാട്ട് മുക്കിനു വടക്കുവശമുള്ള ഇവരുടെ വീടിന് മുന്നിലെ ഒരു ഏക്കർ സ്ഥലത്ത് നൂറുമേനി നെല്ല് വിളയിച്ചു. ഇതിന്റെ വിളവെടുപ്പുത്സവം ആർ രാമചന്ദ്രൻ എം.എൽ എ നിർവ്വഹിച്ചു. കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ കൃഷ്ണകുമാർ അധ്യക്ഷയായി.കൃഷി ഓഫീസർ വി. ആർ. ബിനേഷ്, വാർഡ് മെമ്പർ രാധാകൃഷ്ണൻ, കാർഷിക വികസന സമിതി അംഗം രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !