കരുനാഗപ്പള്ളി : കലാമേളകൾക്ക് ഒപ്പമുണ്ടായിരുന്ന അച്ഛന്റെ ആകസ്മിക വേർപാട് ഇനിയും മാളവികയ്ക്ക് ഉൾക്കൊള്ളാനായിട്ടില്ല. പക്ഷെ താൻ പൊരുതി നേടിയ വിജയം അച്ഛന്റെ ഓർമ്മയ്ക്ക് മുന്നിൽ സമർപ്പിക്കാനായതിന്റെ സംതൃപ്തിയിലാണ് മാളവിക ഇപ്പോൾ.
കരുനാഗപ്പള്ളി യു.പി.ജി. സ്കൂളിനെ പ്രതിനിധീകരിച്ച് ജില്ലാ കലോത്സവത്തിൽ യു.പി. വിഭാഗം കഥാപ്രസംഗ മത്സരത്തിൽ പങ്കെടുക്കാൻ മാളവിക എത്തിയത് ലോകായുക്തയുടെ ഉത്തരവുമായിട്ടാണ്. ഉപജില്ലാ മത്സരത്തിൽ സമ്മാനം നിഷേധിക്കപ്പെട്ടപ്പോൾ അപ്പീൽ നൽകിയെങ്കിലും ഫലമുണ്ടായില്ല. ഒടുവിൽ അഭിഭാഷകനായിരുന്ന അച്ഛന്റെ സുഹൃത്തുക്കളുടെ കൂടി സഹായത്താൽ നിയമവഴി തേടി. അങ്ങനെ നിയമ സഹായത്താൽ മത്സരത്തിൽ പങ്കെടുത്ത മാളവിക എ ഗ്രേഡോടെ ഒന്നാം സ്ഥാനവും നേടി. ഫലം അറിഞ്ഞ ഉടൻ നിറകണ്ണുകളോടെ കണ്ണുകളടച്ച് ഒരു നിമിഷം അച്ഛനെ മനസിൽ ഓർത്തു. തിരികെ വീട്ടിലെത്തി അച്ഛന്റെ ഫോട്ടോയ്ക്കു മുന്നിൽ തന്റെ വിജയം മാളവിക മനസുകൊണ്ട് സമർപ്പിച്ചു.
വൈക്കം മുഹമ്മദ് ബഷീറിന്റെ വിശ്വവിഖ്യാതമായ മൂക്ക് എന്ന കഥയാണ് കഥാപ്രസംഗമായി അവതരിപ്പിച്ചത്. സ്വന്തമായി കഥ കണ്ടെത്തി പരിശീലിക്കുകയായിരുന്നെങ്കിലും കാഥിക തൊടിയൂർ വസന്തകുമാരികഥ ചിട്ടപ്പെടുത്താൻ ഏറെ സഹായിച്ചു.
പൊതുപ്രവർത്തകൻ കൂടിയായിരുന്ന അഡ്വ. സി.ആർ. മധുവിന്റെ ഇളയ മകളാണ് മാളവിക. കഴിഞ്ഞ ജൂലായ് മുപ്പത്തൊന്നിനാണ് മധു ആകസ്മികമായി മരണമടഞ്ഞത്. മാതാവ് ആർ.കെ ദീപയോടൊപ്പമാണ് മത്സരത്തിനെത്തിയത്.
സഹപാഠികളായ തീർത്ഥ എൻ.ബി, അമൃത, അതുൽ, ആഷിഖ് രാജ് എന്നിവരായിരുന്നു പക്കമേളക്കാർ. മോണോ ആക്ട് മത്സരത്തിലും മാളവിക പങ്കെടുക്കുന്നുണ്ട്. സംസ്ഥാന ലൈബ്രറി കൗൺസിൽ സർഗ്ഗോത്സവത്തിൽ സംസ്ഥാനത്ത് കഥാപ്രസംഗത്തിന് രണ്ടാംസ്ഥാനം ലഭിച്ചിരുന്നു. നിയമ വിദ്യാർത്ഥി വിഷ്ണു മാധവ് ആണ് സഹോദരൻ.