കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നിയോജക മണ്ഡലത്തിലെ എല്ലാ സർക്കാർ, എയിഡഡ് വിദ്യാലയങ്ങളും വിവരസാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള പഠനസമ്പ്രദായത്തിലേക്ക് മാറുന്നു. സ്കൂളുകൾ ഹൈടെക് നിലവാരത്തിലേക്ക് എത്തുന്നതിന്റെ പ്രഖ്യാപനം നടന്നു. ആലപ്പാട്, പണ്ടാരതുരുത്ത് ഗവ.എൽ പി സ്കൂളിൽ ആർ. രാമചന്ദ്രൻ എം.എൽ.എ. പ്രഖ്യാപനം നിർവ്വഹിച്ചു.
മുഴുവൻ ക്ലാസ് മുറികളും പൂർണ്ണമായും ഹൈടെക് ആക്കി പ്രീ പ്രൈമറി ക്ലാസ് മുറികൾ മുതൽ എയർകണ്ടീഷൻ ഉള്ള ക്ലാസ് മുറികളാക്കി മാറ്റി മാതൃകയായ പണ്ടാരതുരുത്ത് ഗവ.എൽ.പി.എസിൽ വച്ചാണ് സബ് ജില്ലാതല പ്രഖ്യാപന ചടങ്ങ് നടന്നത്.
ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് പി സെലീന അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണി മുഖ്യ പ്രഭാഷണം നടത്തി .നഗരസഭാ ചെയർപേഴ്സൺ എം.
ശോഭന, ഓച്ചിറ പഞ്ചായത്ത് പ്രസിഡന്റ് രാജേഷ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ബി സഞ്ജീവ്, എം.മഞ്ജു, ഷെർളി ശ്രീകുമാർ ഷീബാ ബാബു, ഡോ. ശ്രീനിവാസൻ , എ.ഇ.ഒ. ടി. രാജു, ബി.പി.ഒ. മധു, റിമി ആൻറണി, കരയോഗം ഭാരവാഹികളായ ലീലാകൃഷ്ണൻ, എം. വത്സലൻ, പി.ടി.എ. പ്രസിഡന്റ് പുഷ്പകുമാർ പണിക്കർ , ഹെഡ്മിസ്ട്രസ് രേണുക തുടങ്ങിയവർ സംസാരിച്ചു.
തദ്ദേശ സ്വയംഭരണ സ്ഥാപനവും പൂർവ്വ വിദ്യാർത്ഥികളെയും വിവിധ സന്നദ്ധ സംഘടനകളെയും സർക്കാർ സംവിധാനങ്ങളെയും കൂട്ടിയിണക്കി എസ്.എം.സി. യുടെ നേതൃത്വത്തിൽ ഒരു സ്കൂളിനെ മാതൃകാ സ്ഥാപനമാക്കി മാറ്റാം എന്നതിന്റെ ഉദാഹരണം കൂടിയാണ് പണ്ടാരതുരുത്ത് സ്കൂൾ.
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഉത്തമ ഉദാഹരണമായി മാറിയ ഈ സ്കൂളാണ് സബ് ജില്ലാതല ഉദ്ഘാടനത്തിനായി തെരെഞ്ഞെടുത്തത്.
ഹൈടെക് പ്രഖ്യാപനത്തിനു മുന്നോടിയായി വിവിധ സ്കൂളുകളിലേക്ക് ആവശ്യമായ ലാപ് ടോപ്പുകളും പ്രോജക്ടറുകളും അനുബന്ധ ഉപകരണങ്ങളും സബ് ജില്ലയിലെ മുഴുവൻ വിദ്വാലയങ്ങൾക്കും ഓണാവധിക്ക് മുമ്പായി ലഭ്യമാക്കിയിരുന്നു. അടച്ചുറപ്പുള്ള ക്ലാസ് മുറികളും വൈദ്യുതി ലഭ്യതയും ഉൾപ്പടെയുള്ള സൗകര്യങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ സഹായത്തോടെയും ലഭ്യമാക്കി. അദ്ധ്യാപകർക്കുള്ള പരിശീലനം ഐ.ടി. അറ്റ് സ്കൂളിന്റെ നേതൃത്വത്തിൽ ജൂൺ മാസത്തിൽ തന്നെ പൂർത്തിയാക്കിയിരുന്നു.