കരുനാഗപ്പള്ളി : പള്ളിക്കലാറിനെ പൂർവകാല പ്രതാപത്തിലേക്കു മടക്കികൊണ്ടുവരുന്നതിന്റെ ഭാഗമായി ജോൺ എഫ് കെന്നഡി മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിലെ പരിസ്ഥിതി ക്ലബ്ബിലെ വിദ്യാർത്ഥികളും, അദ്ധ്യാപകരും പി.ടി.എ. ഭാരവാഹികളും, സന്നദ്ധ സംഘടനാ പ്രവർത്തകരും കണ്ടൽ തൈകൾ നടാനായെത്തി.
കേരള യൂത്ത് പ്രമോഷൻ കൗൺസിൽ, പള്ളിക്കലാർ സംരക്ഷണ സമിതി എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ആരംഭിച്ച ക്‌ളീൻ പള്ളിക്കലാർ ചലഞ്ചിന്റെ രണ്ടാം ഘട്ടത്തിന്റെ ഭാഗമായുള്ള കണ്ടൽ വനവൽക്കരണ പരിപാടിക്കാണ് തുടക്കമായത്.
ആദ്യഘട്ടത്തിൽ കായലിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു. ഇവ പ്ലാസ്റ്റിക് ശേഖരിക്കുന്ന വിവിധ ഏജൻസികൾക്ക് നൽകി.
കണ്ടൽ വനവൽക്കരണ പരിപാടിക്ക് കേരള യൂത്ത് പ്രമോഷൻ കൗൺസിൽ ചെയർമാൻ സുമൻജിത്ത് മിഷ, പള്ളിക്കലാർ സംരക്ഷണ സമിതി സെക്രട്ടറി ജി മഞ്‍ജുകുട്ടൻ, പി.റ്റി.എ. പ്രസിഡണ്ട് ലാൽജി പ്രസാദ്, അദ്ധ്യാപകരായ സുധീർ, ഹാഫിസ്, മുനീർ എന്നിവർ നേതൃത്വം നൽകി.