കരുനാഗപ്പള്ളി : നാടെങ്ങും ഹരിത കേരളം പദ്ധതിയിലൂടെ പച്ചപ്പണിയുമ്പോൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണിയും സന്തോഷത്തിലാണ്. സ്വന്തം വീടിനു മുന്നിലെ ഒരേക്കറിലധികം വരുന്ന പാടം വർഷങ്ങൾക്കു ശേഷം നൂറുമേനി വിളവിൽ പച്ചപ്പണിഞ്ഞു നിൽക്കുന്ന കാഴ്ചയാണ് ഇവരെ സന്തോഷവതിയാക്കുന്നത്. വിളഞ്ഞ് പാകമായ നെല്ല് അടുത്ത ദിവസങ്ങളിൽ കൊയ്തെടുക്കാനൊരുങ്ങുകയാണ് ഇവരുടെ കുടുംബം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി രാധാമണിയുടെ കുലശേഖരപുരത്തെ, ആദിനാട് വടക്ക് കളീയ്ക്കൽ വീടിന്റെ മുറ്റത്തെ ഒരേക്കറിലധികം വരുന്ന പടം കഴിഞ്ഞ 20 വർഷമായി കളകൾ നിറഞ്ഞ് വെള്ളക്കെട്ടിലായി തരിശായി കിടക്കുകയായിരുന്നു.മികച്ച കർഷകൻ കൂടിയായ ഭർത്താവ് ജനാർദ്ദനൻ നായരും രാധാമണിയും ചേർന്ന് കൃഷി വകുപ്പിന്റെ ശ്രദ്ധയിൽ പ്രശ്നം ഗൗരവമായി അവതരിപ്പിച്ചതോടെ കാർഷിക പദ്ധതിക്ക് വഴി ഒരുങ്ങുകയായിരുന്നു. ഹരിത കേരള മിഷന്റെ ഭാഗമായി കൃഷി വകുപ്പിന്റെ തരിശുരഹിത പദ്ധതി പ്രകാരം ഇവിടെ കൃഷി ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. കൃഷി ഓഫീസർ ബി ആർ ബിനീഷിന്റെ പൂർണ്ണ സഹകരണത്തോടെ കൃഷി ചെയ്യാനുള്ള നടപടികൾ തുടങ്ങി. ഇവിടുത്തെ വെള്ളക്കെട്ട് ഒഴിവാക്കുകയായിരുന്നു പ്രധാന പ്രശ്നം. പിന്നീട് കളകളും മറ്റും നീക്കി കൃഷിക്കായി നിലമൊരുക്കി. കൃഷിഭവനിൽ നിന്നും അത്യുൽപ്പാദനശേഷിയുള്ള ഉമ ഇനത്തിൽപ്പെട്ട വിത്തും ലഭ്യമാക്കി.രാധാമണിയുടെയും ജനാർദ്ദനർ നായരുടെയും പരിപാലനവും കൃഷി വകുപ്പിന്റെ കരുതലും കൂടിയായതോടെ മികച്ച വിളവു തന്നെ ലഭിച്ചു. മഴ ശക്തമായതോടെ പാടത്തേക്ക് ജലം ഒഴുകിയെത്തിയത് മൂലം കൃഷി നശിക്കുമെന്ന ആശങ്ക ഉണ്ടായെങ്കിലും അതുണ്ടായില്ല.മികച്ച കർഷകനുള്ള അവാർഡ് ലഭിച്ചിട്ടുള്ള റിട്ട. സഹകരണ സംഘം സെക്രട്ടറി കൂടിയായ ജനാർദ്ദനൻ നായർ വീടിനു ചുറ്റും വാഴയും പച്ചക്കറിയും കിഴങ്ങു വർഗ്ഗങ്ങളുമുൾപ്പടെ കൃഷി ചെയ്ത് ഒരു കാർഷിക വിളഭൂമി തന്നെ തീർത്തിട്ടുണ്ട്. ഔദ്യോഗിക തിരക്കുകൾക്കിടയിൽ പ്രസിഡന്റും ഒപ്പം കൂടും. നെൽകൃഷി വിജയമായതോടെ തുടർന്ന് ഇരുപ്പൂ നെല്ലും ഒരു പൂ എള്ളും കൃഷി ചെയ്യാനാണ് പദ്ധതി.
Copyright © 2003-2025 karunagappally.com Developed by Sudheesh.R