കരുനാഗപ്പള്ളി : പിതൃക്കൾക്കു ആത്മശാന്തി ലഭിക്കുമെന്ന വിശ്വാസത്തിൽ ഭക്തജനങ്ങൾ അർപ്പിക്കുന്ന കർക്കിടക വാവുബലി കരുനാഗപ്പള്ളിയുടെ തീരപ്രദേശമായ ആലപ്പാട് ഗ്രാമത്തിൽ പതിനായിരങ്ങൾ ഒന്നൊന്നായെത്തി ബലിയർപ്പിച്ചു. ചെറിയഴീക്കൽ ക്ഷേത്രത്തിന് സമീപം ബലി അർപ്പിക്കുന്നതിനുള്ള പ്രത്യകം സൗകര്യങ്ങൾ ഒരുക്കിയിരുന്നു.
ഭക്തജനങ്ങൾ തലേന്നു വ്രതമെടുത്ത് അമാവാസി ദിവസം കുളിച്ചു ഈറനണിഞ്ഞു മരിച്ച് മണ്മറഞ്ഞുപോയ പിതൃക്കളെ മനസ്സിൽ സങ്കൽപ്പിച്ചു ഭക്തിപുരസരം ബലിയിടും. എള്ളും പൂവും, ഉണക്കലരിയും ഉൾപ്പെടെയുള്ള പൂജാദ്രവ്യങ്ങൾകൊണ്ടാണ് ബലിതർപ്പണം നടത്തുക.
ഭൂമിയിലെ ഒരു വർഷം പിതൃക്കൾക്ക് ഒരു ദിവസമാണ് എന്നാണ് വിശ്വാസം. കര്‍ക്കിടക അമാവാസി ദിനത്തില്‍ ദേവന്മാരുടെ മധ്യാഹ്ന വേളയോടൊപ്പം പിതൃക്കളുടെ മധ്യാഹ്നവേളയും ഒത്തുചേരുന്നു. രണ്ടുകൂട്ടരും ഭക്ഷണ സ്വീകരണത്തിന് സജ്ജരായിരിക്കുന്നു. അങ്ങനെയുള്ള ഒരേയൊരു ദിനമാണ് കര്‍ക്കിടക അമാവാസി എന്നാണ് വിശ്വാസം. പിതൃക്കൾക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസി കൂടിയാണ് കർക്കിടകത്തിലേത്. അതുകൊണ്ടാണ് കർക്കിടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്.