കരുനാഗപ്പള്ളി : സഹോദരിക്കു വേണ്ടി ആരുമറിയാതെ സഹോദരൻ ഒരു എസ്.എം.എസ്. അയച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ ആർ. ബിന്ദുവിൻ്റെ മൊബൈൽ നമ്പരിലേക്ക്. ഉന്നത വിദ്യാഭ്യാസ മന്ത്രി വിളിച്ചു. വായനാ ദിനത്തിൽ അഭിമോൾക്ക് ലാപ്ടോപ്പ് എത്തി.
കുലശേഖരപുരം, ആദിനാട് വടക്ക്, പെരിങ്ങേലിൽ (പ്രസന്നഭവനത്തിൽ) അഭിജിത്താണ് മൂന്നാം വർഷ ബി.ടെക് കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിനിയായ സഹോദരിക്കു വേണ്ടി മെസ്സേജ് അയച്ചത്. മെസേജ് മന്ത്രി കാണുമെന്നു പോലും ഉറപ്പില്ലായിരുന്നു. എന്നാൽ നടപടികളെല്ലാം മിന്നൽ വേഗത്തിലായിരുന്നു.
ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ ആർ. ബിന്ദു പ്രശ്നത്തിൽ ഇടപെട്ടതിനെ തുടർന്ന് മന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും എ.കെ.പി.സി.ടി.എ. മുൻ സംസ്ഥാന സെക്രട്ടറിയുമായ ഡോ ഇന്ദുലാൽ എ.കെ.പി. സി.ടി.എ. കായംകുളം എം.എസ്.എം. കോളേജ് ബ്രാഞ്ചുമായി ബന്ധപ്പെട്ടു. തൻ്റെ പഴയ സംഘടനാ ഭാരവാഹികളെ മന്ത്രി നേരിട്ട് വിളിച്ചും വിവരം പറഞ്ഞു. ഉടൻ തന്നെ കോളേജ് അധ്യാപക സംഘടനയുടെ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലാപ്ടോപ്പ് എ.കെ.പി.സി.ടി.എ. സെക്രട്ടറി പ്രൊഫ ടി.ആർ. മനോജും സഹപ്രവർത്തകരും ചേർന്ന് വായനാദിനത്തിൽ വിദ്യാർത്ഥിനിക്ക് കൈമാറി.
സ്വന്തമായി ഒരു വീടുപോലുമില്ലാതെ വാടക വീട്ടിൽ കഴിയുമ്പോഴും മക്കളുടെ പഠനത്തിനായി കൂലിപ്പണി ചെയ്യുന്ന അനിൽകുമാറിൻ്റെയും ശ്രീദേവിയുടെയും മകളായ അഭിമോൾ ഐ.എച്ച്.ആർ.ഡി. എഞ്ചിനിയറിംഗ് കോളേജിലെ വിദ്യാർത്ഥിനിയാണ്. തൻ്റെ പരിമിതികളിൽ ആരോടും പരാതിയില്ലാതെയായിരുന്നു അഭിയുടെ പഠനം. എങ്കിലും സഹോദരൻ്റെ ഒരു ടെക്സ്റ്റ് മെസേജിൽ തന്നെ തനിക്ക് സഹായമെത്തിച്ച മന്ത്രിയോടും സർക്കാരിനോടും നന്ദി പറയുകയാണ് അഭിയും കുടുംബവും.
ശനിയാഴ്ച രാവിലെ അഭിമോളുടെ വീട്ടിൽ നടന്ന ചടങ്ങിൽ ഡോ. ടി.ആര്‍ മനോജിനെ കൂടാതെ, സംഘടനാ ഭാരവാഹികളായ ഡോ. എസ്. ഫാറൂഖ്, ഡോ. എം. അനില്‍ കുമാര്‍, സെക്രട്ടറി പ്രൊഫ അന്‍വര്‍ ഹുസ്സൈന്‍, സി.പി.ഐ.എം. ലോക്കൽ സെക്രട്ടറി പി. ഉണ്ണി, ഗ്രാമ പഞ്ചായത്തംഗം ബി. ശ്യാമള, ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറി അബാദ് ഫാഷ, ജിനേഷ്, രഞ്‌ജിത്ത്, ഗോപകുമാർ എന്നിവരും പങ്കെടുത്തു.