കരുനാഗപ്പള്ളി : കോവിഡ് എന്ന മഹാമാരിയിൽ നാട് വിറങ്ങലിച്ച് നിൽക്കുമ്പോൾ പ്രതിരോധം തീർക്കാൻ ഇറങ്ങുന്ന യുവതയ്ക്കൊപ്പം വീൽചെയറിൽ അലിഫും ഒപ്പമുണ്ട്.
ജന്മനാ ഇരുകാലുകൾക്കും ശേഷിയില്ലാത്ത അലിഫ് എന്ന യുവാവ് പക്ഷേ എല്ലാവരെയും പോലെ വീടിനുള്ളിൽ ഇരിക്കാൻ തയ്യാറല്ല. തൻ്റെ സുഹൃത്തുക്കൾ നാടിനുവേണ്ടി തെരുവിൽ പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെടുമ്പോൾ വീൽചെയറിലിരുന്ന് നാട്ടിടങ്ങളും വീടുകളും അണുനശീകരണം നടത്തുന്ന അസിഫിൻ്റെ ആ വലിയ മനസ്സിന് മുമ്പിൽ ഒരു നാടൊന്നാകെ നമിക്കുകയാണ്.
തൊടിയൂർ, കല്ലേലിഭാഗം, ബീമാ മൻസിലിൽ നവാസിൻ്റെയും സീനത്തിൻ്റെയും മകനായ അലിഫ് മുഹമ്മദ് എന്ന 19 കാരൻ ഇന്ന് നാട്ടിലാകെ താരമാണ്. ഡി.വൈ.എഫ്.ഐ. കല്ലേലിഭാഗം വില്ലേജിലെ ആൽത്തറമൂട് യൂണിറ്റ് ഭാരവാഹിയായ അലിഫ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ യൂത്ത് ബ്രിഗേഡിനൊപ്പം സജീവമായി രംഗത്തിറങ്ങിയതോടെ അത് നാടിന് വേറിട്ട കാഴ്ചയായിരുന്നു.
ഹോമിയോ ആശുപത്രി, മാർക്കറ്റ്, എ ടി എം കൗണ്ടർ, രോഗബാധിതരായവരുടെ വീടുകൾ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അണു നശീകരണത്തിനു് അലിഫ് നേതൃത്വം നൽകി. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിലെ മൂന്നാം വർഷ ബികോം വിദ്യാർഥിയായ അലിഫിന് കോളേജിൽ സുഗമമായി സഞ്ചരിക്കുന്നതിന് വേണ്ടിയാണ്.
പ്രിൻസിപ്പലായിരുന്ന ഡോ. സി.ഉണ്ണികൃഷ്ണൻ മുൻകൈ എടുത്ത് ആധുനിക ഇലക്ടോണിക് വീൽചെയർ വാങ്ങി നൽകിയത്. ഒരു തവണ ചാർജ് ചെയ്താൽ 14 കിലോമീറ്റർ വരെ സഞ്ചരിക്കാൻ കഴിയുന്ന വീൽ ചെയറാണിത്. ലോക് ഡൗൺ ആയതോടെ വീട്ടിൽ കൊണ്ടുവന്ന് സൂക്ഷിച്ചിരുന്ന വീൽ ചെയറുമെടുത്ത് സുഹൃത്തുക്കൾക്കൊപ്പം മഹാമാരിയെ പ്രതിരോധിക്കാൻ അലിഫും മുന്നിട്ടിറങ്ങുകയായിരുന്നു.
വീൽചെയറിൽ സഞ്ചരിച്ച് തെരുവുകൾ തോറും അണു നശീകരണം നടത്തുന്ന യുവാവിൻ്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനകം നവ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു. നാട് മഹാമാരിയെ നേരിടുമ്പോൾ തന്നാൽ കഴിയുന്ന കാര്യങ്ങൾ തുടർന്നും ചെയ്യാനാണ് അലിഫിൻ്റെ തീരുമാനം. ഐഷ, ഫൈസാൻ എന്നിവർ സഹോദരങ്ങളാണ്.