കരുനാഗപ്പള്ളി മാർക്കറ്റിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി തുടങ്ങി….

കരുനാഗപ്പള്ളി : നഗരസഭയിൽ മാർക്കറ്റ് ഭാഗത്തെ വെള്ളക്കെട്ട് ഒഴിവാക്കാൻ നടപടി തുടങ്ങി. മുണ്ടകപ്പാടം മുതൽ തെക്കോട്ട് വള്ളക്കടവ് വരെയുള്ള ഭാഗത്തെ ചെളിയും മാലിന്യങ്ങളും നീക്കി ജലമൊഴുക്ക് സുഗമമാക്കുന്നതിനുള്ള നടപടികളാണ് ആരംഭിച്ചത്.

നഗരസഭയിലെ 13, 14, 15 ഡിവിഷനുകളിൽ ഉണ്ടായ വെള്ളക്കെട്ടിന് ഇതോടെ പരിഹാരമാകുമെന്നാണ് പ്രതീക്ഷ. ഈ വാർഡുകളിൽ നിന്നും ജലം ഒഴുകിയെത്തി മുണ്ടകപ്പാടത്തു നിന്നും വള്ളക്കടവ് വഴി ചന്തക്കായലിലേക്ക് ഒഴുകി കൊണ്ടിരുന്ന പ്രദേശങ്ങളിൽ പായലും ചെളിയും മാലിന്യങ്ങളും നിറഞ്ഞ് ജലം ഒഴുക്ക് തടസപ്പെട്ടതോടെ പ്രദേശവാസികൾ ദുരിതത്തിലായിരുന്നു. കഴിഞ്ഞ മഴക്കാലത്ത് പ്രശ്നം രൂക്ഷമായതിനെത്തുടർന്ന് പരിസരപ്രദേശങ്ങളിലും മറ്റുമുള്ള നിരവധി വീടുകളിലേക്ക് വെള്ളം കയറി. ഈ സാഹചര്യത്തിലാണ് നഗരസഭ മുൻകൈയെടുത്ത് പായലും ചെളിയും മറ്റു മാലിന്യങ്ങളും നീക്കം ചെയ്ത് ജലം ഒഴുക്ക് സുഗമമാക്കുന്ന പ്രവർത്തനത്തനം ഏറ്റെടുത്തത്.

ഹിറ്റാച്ചി ഉപയോഗിച്ച് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രവൃത്തിയുടെ ഉദ്ഘാടനം കരുനാഗപ്പള്ളി മാർക്കറ്റിന് സമീപം വള്ളക്കടവിൽ നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു നിർവഹിച്ചു. നഗരസഭാ കൗൺസിലർമാരായ റെജി കരുനാഗപ്പള്ളി, പടിപ്പുര ലത്തീഫ്, ഹെൽത്ത് ഇൻസ്പെക്ടർ ഫൈസൽ തുടങ്ങിയവർ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !