കരുനാഗപ്പള്ളി : കേരളത്തിലെ മത്സ്യത്തൊഴിലാളി പ്രസ്ഥാനത്തിന്റെ സംഘാടകരിൽ പ്രമുഖനായിരുന്ന അഡ്വ. വി.വി. ശശീന്ദ്രൻ അന്തരിച്ചു. കേരള സംസ്ഥാന മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു.) ജനറൽ സെക്രട്ടറിയായും പ്രസിഡന്റായും ദീർഘകാലം പ്രവർത്തിച്ചു. മത്സ്യഫെഡ് ചെയർമാൻ, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ, മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ അംഗം എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു.
സി.പി.ഐ. എം. മുൻ കൊല്ലം ജില്ലാ കമ്മിറ്റിയംഗം ആയിരുന്ന ഇദ്ദേഹം കേരളത്തിലെ മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ അവകാശ സമര പോരാട്ടങ്ങളിലെ മുന്നണി പോരാളിയായിരുന്നു. കരുനാഗപ്പള്ളി ബോയ്സ് & ഗേൾസ് ഹയർസെക്കൻ്ററി സ്കൂളിൻ്റെ മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരളത്തിലെ നവോത്ഥാന നായകരിൽ പ്രമുഖനായ വി. വേലുക്കുട്ടി അരയൻ്റെ മകനാണ്.