കടലാക്രമണം രൂക്ഷമായ ആലപ്പാട് ജില്ലാ കളക്ടർ എത്തി…

കരുനാഗപ്പള്ളി :ആലപ്പാട് പഞ്ചായത്തിലെ കടലാക്രമണം ശക്തമായ പ്രദേശങ്ങൾ കൊല്ലം ജില്ലാ കളക്ടർ സന്ദർശിച്ചു. ആർ. രാമചന്ദ്രൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി തുടങ്ങിയവർക്കൊപ്പമാണ് ചെറിയഴീക്കൽ ഉൾപ്പെടെയുള്ള കടലാക്രമണം ശക്തമായ മേഖലകൾ അദ്ദേഹം സന്ദർശിച്ചത്.

കടലാക്രമണത്തെ ചെറുക്കുന്നതിന് അടിയന്തരമായി ജിയോ ബാഗുകൾ സ്ഥാപിക്കുന്നതിന് ഇപ്പോൾ നടക്കുന്ന നടപടികൾ ത്വരിതപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ഐ.ആർ.ഇ. ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആവശ്യമായ സ്ഥലങ്ങളിൽ പുലിമുട്ടുകളും സീ വാളുകളും നിർമ്മിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കളക്ടർ പറഞ്ഞു.

സർക്കാരിൻ്റെ നിർദ്ദേശപ്രകാരം വിവിധ വകുപ്പുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾ കൂടി പരിഗണിച്ച് ആറു കോടിയിലധികം വരുന്ന അടിയന്തര നടപടികളുടെ നിർദ്ദേശം ചൊവ്വാഴ്ച സർക്കാരിന് സമർപ്പിച്ചതായും അദ്ദേഹം അറിയിച്ചു. ഇതുൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്യുന്നതിനായും ആലപ്പാടിൻ്റെ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങൾ അവതരിപ്പിക്കുന്നതിനുമായി മുഖ്യമന്ത്രിയും വകുപ്പുമന്ത്രിയും ഉൾപ്പെടെയുള്ളവരുമായി കൂടിക്കാഴ്ച നടത്തുമെന്ന് ആർ രാമചന്ദ്രൻ എം.എൽ.എ. അറിയിച്ചു.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി. സെലീന ,ബ്ലോക്ക് പഞ്ചായത്തംഗം ഷെർളി ശ്രീകുമാർ ഐ.ആർ.ഇ. അധികൃതർ തുടങ്ങിയവരും കളക്ടർക്കൊപ്പമുണ്ടായിരുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !