ആലപ്പാടിൻ്റെ സംരക്ഷണത്തിനായി 3.16 കോടിയുടെ പദ്ധതി….

കരുനാഗപ്പള്ളി : ആലപ്പാട് പഞ്ചായത്തിൻ്റെ തീര സംരക്ഷണത്തിനായി 16 വർക്കുകൾ ദുരന്തനിവാരണ പാക്കേജിൽ ഉൾപ്പെടുത്തി സാമ്പത്തിക അനുമതിക്കയച്ചു. 3.16 കോടി രൂപയുടെ പദ്ധതികളാണ് അടിയന്തിര സാമ്പത്തിക അനുമതിയ്ക്കായി നൽകിയത്. ആർ രാമചന്ദ്രൻ എം.എൽ.എ. യുടെ നേതൃത്വത്തിൽ മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും വിവിധ വകുപ്പ് മന്ത്രിമാരുമായും നടത്തിയ ചർച്ചയെ തുടർന്നാണ് അടിയന്തിര നടപടി ഉണ്ടായത്.

പണിക്കർകടവ് പാലത്തിന് തെക്ക്, പണ്ടാരത്തുരുത്തിന് സമീപം, ചെറിയഴീക്കലിന് സമീപം, ആലപ്പാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിന് സമീപം, കുഴിത്തുറ കുരുക്കശ്ശേരി ക്ഷേത്രത്തിന് സമീപം, കുഴിത്തുറ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം, സ്രായിക്കാട്, അഴീക്കൽ എന്നിവിടങ്ങളിലായാണ് തീരസംരക്ഷണ പദ്ധതികൾ അടിയന്തിരമായി നടപ്പാക്കുക.

മുഖ്യമന്ത്രിയെ കൂടാതെ, റവന്യൂ മന്ത്രി, വ്യവസായ വകുപ്പ് മന്ത്രി, ധനകാര്യ വകുപ്പ് മന്ത്രി, ജലസേചന വകുപ്പ് മന്ത്രി എന്നിവരുമായും എം.എൽ.എ. യുടെ നേതൃത്വത്തിലുള്ള സംഘം ചർച്ച നടത്തിയത്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കടൽക്ഷോഭത്തിൻ്റെ പശ്ഛാത്തലത്തിലാണ് മന്ത്രിമാരുമായി ചർച്ച നടന്നത്. ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് പി. സെലീന, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷെർളി ശ്രീകുമാർ എന്നിവരും ചർച്ചകളിൽ പങ്കെടുത്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !