ആലപ്പാടിന്റെ തീര സംരക്ഷണം സി.ആർ മഹേഷ് എം.എൽ.എ ഇറിഗേഷൻ വകുപ്പ് മന്ത്രിയുമായി കൂടികാഴ്ച നടത്തി….

കരുനാഗപ്പള്ളി : ആലപ്പാടിന്റെ തീര സംരക്ഷണം സി.ആർ മഹേഷ് എം.എൽ.എ ഇറിഗേഷൻ വകുപ്പ് മന്ത്രിയുമായി കൂടികാഴ്ച നടത്തി. കേരളത്തിലെ കടൽത്തീര സംരക്ഷണവുമായി ബന്ധപ്പെട്ട് കേരള നിയമ സഭയിൽ നടന്ന ചർച്ചയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി എം.എൽ.എ. മാർക്ക് നൽകിയ ഉറപ്പു പ്രകാരം കിഫ്ബി വഴി പ്രഖ്യാപിച്ച 5300 കോടി രൂപയുടെ സമഗ്ര പുലിമുട്ട് പദ്ധതിയുടെ ഭാഗമായിട്ടുള്ള ആദ്യ ഘട്ടത്തിലെ 1300 കോടി രൂപയുടെ പാക്കേജിൻ്റെ നാളിതുവരെയുള്ള പുരോഗതി ഇറിഗേഷൻ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ്റെ ചേംബറിൽ കരുനാഗപ്പള്ളി എം.എൽ.എയുമായി നടന്ന കൂടി കാഴ്ചയിൽ വിശദമായി വിലയിരുത്തി.

ആലപ്പാടിലെ സമഗ്ര പുലിമുട്ട് പദ്ധതി വൈകുന്നതിലുള്ള ആശങ്ക അറിയിച്ചു കൊണ്ട് എം.എൽ.എ മന്ത്രിക്ക് കത്ത് നൽകിയിരുന്നു. സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സമഗ്ര പുലിമുട്ട് പദ്ധതിയിൽ ചെല്ലാനം, കൊല്ലംങ്കോട്, ശംഖുമുഖം, ആലപ്പാട്, കയ്പമംഗലം എന്നിവയാണ് ഉൾപ്പെടുത്തിയിരുന്നത്
ചെല്ലാനത്ത് നടപടി ക്രമങ്ങൾ പൂർത്തീകരിച്ച് വർക്ക് ടെണ്ടർ ചെയ്ത് വർക്കുകൾ ആരംഭിക്കുകയും ചെയ്തു.
കൊല്ലംങ്കോട് പ്രാഥമിക നടപടി ക്രമങ്ങൾ പൂർത്തീകരിക്കുകയും ചെന്നൈ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന NCCR നൽകിയ ഡിസൈൻ ലഭ്യമായി.

അടുത്ത ആഴ്ച ടെണ്ടർ നടപടികൾ ആരംഭിക്കും. ശംഖുമുഖത്ത് പ്രാഥമിക നടപടി ക്രമങ്ങൾ പൂർത്തീകരിക്കുകയും ചെന്നൈ NCCR ൽ നിന്നുള്ള ഡിസൈൻ അടുത്ത ആഴ്ച ലഭ്യമാകും എന്നറിയിച്ചിട്ടുണ്ട്. അത് ലഭിക്കുന്ന മുറക്ക് ടെണ്ടർ നടപടികൾ തുടങ്ങും.
ആലപ്പാടും കയ്പമംഗലവും കരയിലെ സർവ്വേ നടപടികൾ പൂർത്തീകരിക്കുകയും കടലിലെ സർവ്വേ നടപടികൾ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

സർവ്വേ നടപടികൾ പൂർത്തീകരിച്ച് ഏപ്രിൽ 15 നകം ചെന്നൈ NCCR ൻ്റെ പക്കൽ നിന്നും ഡിസൈൻ ലഭ്യമാക്കുകയും മേയ് മാസത്തിൽ ടെണ്ടർ നടപടികൾ പൂർത്തീകരിക്കുകയും ചെയ്യുമെന്ന് പദ്ധതി പുരോഗതി വിശദീകരിച്ച് മന്ത്രി എം.എൽ.എ. യ്ക്ക് ഉറപ്പ് നൽകി. അഴീക്കൽ മുതൽ വെള്ളനാതുരുത്ത് വരെയുള്ള പ്രദേശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ആലപ്പാടിലെ പുലിമുട്ട് പദ്ധതി നടപ്പിലാക്കുകയെന്ന് സി.ആർ. മഹേഷ് എം.എൽ.എ. പറഞ്ഞു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !