കരുനാഗപ്പള്ളിയിൽ നിർമ്മിക്കേണ്ടത്‌ ഓപ്പൺ ഫ്ലൈ ഓവർ…. എം.പി. മാർ നിവേദനം നൽകി….

കരുനാഗപ്പള്ളി : ദേശീയപാത വികസനത്തിന്റെ ഭാഗമായി കരുനാഗപ്പള്ളി നഗരത്തിൽ ഗ്രേഡ്‌ സെപ്പറേറ്റർ മാതൃകയിൽ ഉയരപ്പാത പണിയുന്നതിന്‌ പകരം ഓപ്പൺ ഫ്ലൈ ഓവർ (തുറന്ന മേൽപ്പാലം) പണിയാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട്‌ അഡ്വ. എ.എം. ആരിഫ് എം.പി., അഡ്വ. കെ. സോമപ്രസാദ് എം.പി. എന്നിവർ എൻ.എച്ച്.എ.ഐ. ചെയർപേഴ്സൺ ആൽക്ക ഉപാദ്ധ്യായയ്ക്ക് നേരിട്ട് കത്ത് നൽകി. ഇത് സംബന്ധിച്ച് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്‌ മന്ത്രി നിതിൻ ഗഡ്കരിക്ക്‌ നേരത്തെ കത്തു നൽകിയിരുന്നു.

അംഗീകരിച്ച പ്ലാൻ പ്രകാരം കരുനാഗപ്പള്ളി ഹൈസ്കൂൾ ജംഗ്ഷൻ മുതൽ കന്നേറ്റി പാലം വരെ എലിവേറ്റഡ്‌ ഹൈവേ നിർമ്മിച്ചാൽ നഗരം രണ്ടായി വിഭജിക്കപ്പെടുകയും, പൊതുജനങ്ങൾക്കും കച്ചവടക്കാർക്കും ഒരുപോലെ പ്രയാസങ്ങൾ സൃഷ്ടിക്കുകയും ചെയ്യും. രണ്ടു വശവും കെട്ടിപ്പൊക്കി മറച്ച്‌ ഉൾവശം മണലും പൂഴിയും നിറച്ച്‌ ഗ്രേഡ്‌ സെപ്പറേറ്റർ നിർമ്മിക്കുന്നതിനു പകരം, തുറന്ന മേൽപ്പാത നിർമ്മിക്കുക്കയാണെങ്കിൽ പാരിസ്ഥിതികമായി മെച്ചമായിരിക്കുമെന്നും തുറന്ന മേൽപാലം നിർമ്മിച്ചാൽ ഗതാഗത കുരുക്ക് ഏറെയുള്ള കരുനാഗപ്പള്ളയിൽ പാർക്കിങ് സൗകര്യം വർദ്ധിക്കുകയും, കരുനാഗപ്പള്ളി കൂടുതൽ വികസിക്കുകയും ചെയ്യുമെന്നും കത്തിൽ ചൂണ്ടിക്കാട്ടി.
ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്ന് കാട്ടി മുഖ്യമന്ത്രി പിണറായി വിജയൻ, പൊതുമരാമത്ത്‌ വകുപ്പ്‌ മന്ത്രി മുഹമ്മദ്‌ റിയാസ്‌ എന്നിവർക്ക് നേരത്തെ കത്ത്‌ നൽകിയിരുന്നതായും എം പിമാർ അറിയിച്ചു.

ചിത്രം: കരുനാഗപ്പള്ളി ടൗണിൽ ഓപ്പൺ ഫ്ലൈഓവർ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് എം പിമാർ ദേശീയപാതാ അതോറിറ്റി ചെയർപേഴ്സണ് നിവേദനം നൽകുന്നു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !