മാതാ അമൃതാനന്ദമയി മഠം 13 കോടി രൂപ ധനസഹായം നൽകും…

കരുനാഗപ്പള്ളി : കൊവിഡ് 19 നെ പ്രതിരോധിക്കുന്നതിനും, രോഗവ്യാപനം മൂലം ശാരീരികമായോ, മാനസികമായോ, സാമ്പത്തികമായോ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുന്നതിനും വേണ്ടി മാതാ അമൃതാനന്ദമയി മഠം 13 കോടി രൂപയുടെ സഹായ നൽകും. 10 കോടി രൂപ കേന്ദ്ര സർക്കാരിന്റെ പ്രധാനമന്ത്രിയുടെ കെയർ ഫണ്ടിലേക്കും, 3 കോടി രൂപ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുമാണ് നൽകുക.

കൂടാതെ കൊവിഡ് 19 രോഗികൾക്ക് കൊച്ചിയിലെ അമൃത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (അമൃത ആശുപത്രി) സൗജന്യ ചികിത്സയും നൽകും.

കൊവിഡ് 19 തിന്റെ ദുരന്തവും അതിന്റെ ഭാഗമായുള്ള നിയമന്ത്രണങ്ങൾ കാരണം മാനസിക സമ്മർദ്ദവും, വിഷാദവും, മറ്റ് മാനസിക വെല്ലുവിളികളും അനുഭവിക്കുന്നവരെ സഹായിക്കുന്നതിനായി അമൃതാനന്ദമയിയുടെ നിർദ്ദേശപ്രകാരം അമൃത സർവ്വകലാശാലയും, അമൃത ആശുപത്രിയും ചേർന്ന് ടെലിഫോൺ സഹായ കേന്ദ്രവും ആരംഭിച്ചിട്ടുണ്ട്. ഫോൺ 0476 280 5050

കൂടാതെ മഠത്തിന്റെ കീഴിലുള്ള സർവകലാശാലയായ അമൃത വിശ്വവിദ്യാപീഠത്തിന്റെ നേതൃത്വത്തിൽ ആരോഗ്യ മേഖലയിലെ ആവശ്യങ്ങൾക്കായി കുറഞ്ഞ ചിലവിലുള്ള മുഖാവരണങ്ങൾ , ഗൗണുകൾ, വെന്റിലേറ്ററുകൾ, അതിവേഗം തയ്യാറാക്കാവുന്ന ഐസൊലേഷൻ വാർഡുകൾ, മെഡിക്കൽ മാലിന്യങ്ങൾ നിർമ്മാജനം ചെയ്യാവുന്ന സംവിധാനങ്ങൾ, കൊറന്റൈനിലുള്ള രോഗികളെ വിദൂര നിരീക്ഷണം ചെയ്യുന്നതിനുള്ള സാങ്കേതിക വിദ്യകൾ എന്നിവ ഒരുക്കുന്നതിനായി വിവിധ മേഖലകളിൽ നിന്നുമുള്ള വിദഗ്ധരുടെ നേതൃത്വത്തിൽ ഒരു സംഘം ഗവേഷണം നടത്തി വരുന്നുണ്ട്. വൈദ്യ ശാസ്ത്രം, നാനോ സയൻസ്, നിർമ്മിത ബുദ്ധി, ബിഗ് ഡാറ്റ, സെൻസർ മാനുഫാക്ചറിംഗ്, മറ്റ് ശാസ്ത്ര മേഖലകൾ എന്നിവയിൽ നിന്നുമുള്ള 60 വിദഗ്ധരാണ് ഈ സംഘത്തിൽ ഉള്ളതെന്നും മഠം അധികൃതർ അറിയിച്ചു.

ലോകം മുഴുവനും കരയുകയും, വേദന അനുഭവിക്കുകയും ചെയ്യുന്ന ഈ അവസരത്തിൽ ഹൃദയം വല്ലാതെ വേദനിക്കുന്നതായി മാതാ അമൃതാനന്ദമയി പറഞ്ഞു. ഈ മഹാമാരിയിൽ മരിച്ചവരുടെ ആത്മശാന്തിക്കും, അവരുടെ ബന്ധുമിത്രാദികളുടെ സമാധാനത്തിനും, ലോകശാന്തിക്കും, ഈശ്വര കൃപയ്ക്കും വേണ്ടി നമുക്ക് ഒരുമിച്ച് പ്രാർത്ഥിക്കാമെന്നും അമൃതാനന്ദമയി പറഞ്ഞു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !