കരുനാഗപ്പള്ളി : സ്നേഹസ്വാന്തനം നവമാധ്യമ ചാരിറ്റബിൾ കൂട്ടായ്മയുടെ നേതൃത്വത്തിൽ അരി വിതരണം ചെയ്തു. കൊറോണ വ്യാപനത്തെ തുടർന്ന് ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ ദുരിതത്തിലായ കുടുംബങ്ങളെ കണ്ടെത്തിയാണ് അരി നൽകുന്നത്.
കൊല്ലം ജില്ലയിൽ 3000 കിലോ അരിയാണ് ആദ്യഘട്ടമായി വിതരണം ചെയ്യുന്നത്. കരുനാഗപ്പള്ളി മണ്ഡലത്തിൽ വിവിധ കേന്ദ്രങ്ങളിലായി 1000 കിലോ അരി ആണ് വിതരണം ചെയ്തത്. കരുനാഗപ്പള്ളി നഗരസഭ വൈസ് ചെയർമാൻ ആർ. രവീന്ദ്രൻ പിള്ള ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സംഘടനയുടെ മുഖ്യ രക്ഷാധികാരിയും നഗരസഭ സ്ഥിരം സമിതി അധ്യക്ഷനുമായ പി ശിവരാജൻ അധ്യക്ഷത വഹിച്ചു.
ചാരിറ്റബിൾ കൂട്ടായ്മയുടെ ട്രഷറർ ഹനീഫ സ്വാഗതവും നൗഷാദ് നന്ദിയും രേഖപ്പെടുത്തി.തുടർന്ന് സംഘടനാ പ്രവർത്തകരുടെ നേതൃത്വത്തിൽ വിവിധ കേന്ദ്രങ്ങളിലുള്ള കുടുംബങ്ങളിൽ അരി വിതരണം ചെയ്തു.
ഒരു കുടുംബത്തിന് 10 കിലോഗ്രാം അരി വീതമാണ് വിതരണം ചെയ്യുന്നത്. കൊറോണ കാലത്ത് നെഞ്ചുരോഗാശുപത്രിയിൽ ഭക്ഷണ വിതരണം, അഗതിമന്ദിരങ്ങളിൽ സഹായം എത്തിക്കൽ തുടങ്ങി വിവിധ പദ്ധതികളും കൂട്ടായ്മയുടെ നേതൃത്വത്തിൽ ഏറ്റെടുത്ത് നൽകുന്നുണ്ട്.