കരുനാഗപ്പള്ളി : ലോക്ക് ഡൗൺ കാലത്ത് വായനയുടെ വസന്തം തീർക്കുകയാണ് കരുനാഗപ്പള്ളിയിൽ ഗ്രന്ഥശാലകളും പുസ്തക വണ്ടികളും. കരുനാഗപ്പള്ളി താലൂക്കിലെ നൂറോളം ഗ്രന്ഥശാലകളാണ് വീടുകളിൽ കഴിയുന്നവർക്ക് ആവശ്യപ്പെടുന്നതനുസരിച്ച് പുസ്തകങ്ങൾ എത്തിച്ചു നൽകുന്നത്.
വിവിധ ഗ്രന്ഥശാലകളുടെ നേതൃത്വത്തിൽ ഇരുചക്രവാഹനങ്ങളിൽ രണ്ടു പ്രവർത്തകരടങ്ങിയ പുസ്തവണ്ടികളും കൂടാതെ ലൈബ്രേറിയൻമാരുമാണ് വീടുകൾ തോറും കയറിയിറങ്ങുന്നത്. സംസ്ഥാന സർക്കാരിൻ്റെ നിർദ്ദേശപ്രകാരം ആരോഗ്യവകുപ്പിൻ്റെ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിച്ചും സാമൂഹ്യ അകലം ഉൾപ്പടെ പാലിച്ചുമാണ് സുരക്ഷിതമായി പുസ്തകങ്ങൾ എത്തിക്കുന്നത്.
ക്ലോസ് ഡൗൺ പ്രഖ്യാപിച്ചപ്പോൾ തന്നെ കോറൻ്റയിനിൽ കഴിയുന്നവർക്കും പുസ്തകങ്ങൾ എത്തിക്കാൻ താലൂക്ക് ലൈബ്രറി കൗൺസിൽ പദ്ധതി പ്രഖ്യാപിച്ചിരുന്നു. ഇതനുസരിച്ച് നിരവധിപേർക്ക് പുസ്തകങ്ങൾ എത്തിക്കുകയുണ്ടായി. ഇതുകൂടാതെയാണ് വീടുകളിൽ കഴിയുന്നവർക്ക് വിരസതയകറ്റാൻ വായനയുടെ വസന്തം തീർക്കുന്ന നിരവധി പുസ്തകങ്ങൾ നേരിട്ട് എത്തിച്ചു നൽകുന്ന പദ്ധതിക്ക് തുടക്കം കുറിച്ചു കഴിഞ്ഞിരിക്കുന്നത്.
കോവിഡ് 19 ഭീഷണിയെ തുടർന്ന് ഗ്രന്ഥശാലകൾ അടഞ്ഞുകിടക്കുന്ന പശ്ചാത്തലത്തിൽ പ്രധാനമായും ലൈബ്രേറിയൻമാരുടെ നേതൃത്വത്തിലാണ് പുസ്തകങ്ങൾ ആവശ്യക്കാർക്ക് വീടുകളിൽ എത്തിച്ചു നൽകുന്നത്. കൂടുതലും കുട്ടികളാണ് പുസ്തകങ്ങൾക്ക് ആവശ്യക്കാരാവുന്നത്.
അവധിക്കാലത്തെ വായനയുടെ ലോകത്തിലേക്ക് തിരിച്ചുവിടാനാണ് കുട്ടികളുടെ ശ്രമം. മുതിർന്നവരിൽ സ്ത്രീകളാണ് കൂടുതലായി പുസ്തകങ്ങൾ ആവശ്യപ്പെട്ടു വിളിക്കുന്നത്. എം.ടി. ,മാധവിക്കുട്ടി, എസ്.കെ. പൊറ്റക്കാട് ,ബഷീർ, കെ.ആർ. മീര തുടങ്ങിയവരുടെ പുസ്തകങ്ങളാണ് കൂടുതലായി വായനക്കാർ ആവശ്യപ്പെടുന്നതെന്ന് ഗ്രന്ഥശാല പ്രവർത്തകർ പറയുന്നു.
കൊറോണ വ്യാപന കാലത്ത് പുസ്തകങ്ങൾ എത്തിക്കുന്നത് കൂടാതെ സാമൂഹ്യ അടുക്കളയിലേക്ക് ആവശ്യമായ സാധനങ്ങൾ എത്തിച്ചു നൽകിയും മാസ്കുകളും സാനിറ്റൈസറുകളും നിർമിച്ചുനൽകിയും പച്ചക്കറിവിത്തുകൾ വീടുകളിൽ എത്തിച്ചും ഓൺലൈൻ കലോത്സവങ്ങൾ സംഘടിപ്പിച്ചും സന്നദ്ധ പ്രവർത്തകരായി സേവനമനിഷ്ടിച്ചുമെല്ലാം വിവിധങ്ങളായ പ്രവർത്തനങ്ങളാണ് ഗ്രന്ഥശാലകൾ ഏറ്റെടുക്കുന്നത്.
നമ്മെ ഗ്രസിച്ചിരിക്കുന്ന മഹാമാരിയിൽ നിന്നും നാടിനെ രക്ഷിക്കാൻ മറ്റുള്ളവർക്കൊപ്പം ഗ്രന്ഥശാലാ പ്രവർത്തകരും വിശ്രമരഹിതമായി കരുനാഗപ്പള്ളിയിൽ സജീവമാകുകയാണെന്ന് താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വിജയകുമാർ പറഞ്ഞു.