കരുനാഗപ്പള്ളി : കൊറോണാ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന ആരോഗ്യ പ്രവർത്തകരെയും പോലീസിനെയും ആദരിച്ച് പട്ടാളക്കാർ. കോവിഡ് 19 മൂലം ലോക് ഡൗൺപ്രഖ്യാപിച്ചതോടെ ലീവിന് നാട്ടിൽ എത്തിയതിനുശേഷം തിരിച്ചു പട്ടാളത്തിലേക്ക് പോകാൻ കഴിയാതെ നാട്ടിൽ കഴിയുന്ന പട്ടാളക്കാരാണ് നാടിന് പ്രതിരോധം തീർക്കുന്ന ആരോഗ്യ പ്രവർത്തകരെയും പോലീസിനെയും ആദരിച്ചത്.
വിവിധ സേനാവിഭാഗങ്ങളുടെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർക്ക് നൽകിയ ആദരവിൻ്റെ ആവേശം ഉൾകൊണ്ടാണ് തങ്ങളും ഇത്തരമൊരു പ്രവർത്തനത്തിന് നേതൃത്വം കൊടുത്തതെന്ന് ജവാന്മാർ പറഞ്ഞു.
കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലേക്ക് സാനിറ്റയിസർ കൈമാറി കൊണ്ടാണ് ആരോഗ്യ പ്രവർത്തകരെ ആദരിച്ചത്. ആശുപത്രി സൂപ്രണ്ട് ഡോ. തോമസ് അൽഫോൺസ്, ആർ.എം.ഒ. ഡോ. അനൂപ് കൃഷ്ണൻ എന്നിവർ ഏറ്റുവാങ്ങി.
പോലീസുകാർക്കുള്ള മാസ്ക്കുകൾ കൈമാറി കൊണ്ടാണ് ആദരവർപ്പിച്ചത്. കരുനാഗപ്പള്ളി പോലീസ് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ എസിപി എസ് വിദ്യാധരൻ മാസ്കുകൾ ഏറ്റുവാങ്ങി. സുബൈദാർ പ്രവീൺ, ഹവീൽദാർ ജയേഷ്, സി എഫ് എൻ വിഷ്ണു, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി വിജയകുമാർ എന്നിവർ പങ്കെടുത്തു.