കോവിഡ് പ്രതിരോധത്തിന് മാതൃകയായി കരുനാഗപ്പള്ളി താലൂക്കാശുപത്രി….

കരുനാഗപ്പള്ളി : കോവിഡ് പ്രതിരോധത്തിന്റെ പ്രവർത്തനങ്ങളിൽ മാതൃകയായി മാറുകയാണ് കരുനാഗപ്പള്ളി താലൂക്കാശുപത്രി. കൂടുതൽ രോഗികളെത്തുന്ന ഇവിടെ കോവിഡ് പരിശോധനയുടെ ഭാഗമായി ഇതുവരെ ശേഖരിച്ചത് 332 പേരുടെ സ്രവം.297 പേരുടെ സ്രവം ആശുപത്രിയിൽ വച്ച് ശേഖരിച്ചതും 32 എണ്ണം സെൻ്റിനിയൽ സർവ്വേയലൻസിൻ്റെ ഭാഗമായി ഫീൽഡിൽ നിന്നും സാമ്പിളായി ശേഖരിച്ചതുമാണ്. ഇതിൽ രണ്ടുപേരുടെ ഫലം മാത്രമാണ് പോസിറ്റീവ് ആയത്.

ആന്ധ്രയിൽ നിന്നെത്തിയ ലോറി ഡ്രൈവറുടെയും ശാസ്താംകോട്ട പനപ്പെട്ടിയിലെ ഒരു കുട്ടിയുടെയും സ്രവ പരിശോധന മാത്രമാണ് പോസിറ്റീവ് ആയത്. ദിവസവും നൂറുകണക്കിന് രോഗികളെത്തുന്ന ഇവിടെസൂഷ്മമായ മുൻകരുതലോടെയാണ് സ്രവ ശേഖരണ യൂണിറ്റ് പ്രവർത്തിക്കുന്നത്. പേഴ്‌സണൽ പ്രൊട്ടക്ഷൻ കിറ്റുകൾ (പി.പി. കിറ്റുകൾ) ധരിച്ചാണ് ജീവനക്കാർ ഇവിടെ ഡ്യൂട്ടി നോക്കുന്നത്. എല്ലാ ഡോക്ടർമാരും നഴ്‌സുമാരും ക്രമമനുസരിച്ച് ഇവിടെ ജോലി ചെയ്യുന്നു. ഒരു ഡോക്ടറും നഴ്‌സും അറ്റന്ററുമാണ് ഒരേ സമയം ഡ്യൂട്ടിയിൽ ഉണ്ടാകുക. ജില്ലയിൽ തന്നെ ഏറ്റവുമധികം രോഗികൾ ഒ.പി. യിൽ എത്തുന്ന താലൂക്ക് ആശുപത്രി കൂടിയാണിത്. അതിനാൽ, മറ്റ് രോഗികളുമായി ഒരു രീതിയിലും സമ്പർക്കം ഉണ്ടാകാത്ത വിധത്തിലാണ് യൂണിറ്റിന്റെ പ്രവർത്തനം.

സ്രവം എടുക്കേണ്ട ആളിനെ പ്രത്യേക വഴിയിലൂടെയാണ് കോവിഡ് പരിശോധനാ കേന്ദ്രത്തിൽ എത്തിക്കുക. ഡോ.ഹസീനയാണ് നോഡൽ ഓഫീസറായി പ്രവർത്തിക്കുന്നത്. താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.തോമസ് അൽഫോൻസ്, ആർഎംഒ. ഡോ.അനൂപ് കൃഷ്ണൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു.

ഏറ്റവും കൂടുതൽ പേരുടെ സ്രവ പരിശോധന നടത്തിയ ഡോ. സുജിത് വിദ്യാധരൻ്റെയും പ്രവർത്തനങ്ങൾ ഏകോപ്പിക്കുന്ന ഹെൽത്ത് ഇൻസ്പെക്ടർ നസീറിൻ്റെയും പ്രവർത്തനങ്ങളും ശ്രദ്ധേയമായി.

താലൂക്ക് ആശുപത്രിയിലെ കോവിഡ് ഹെൽപ്പ് ഡെസ്‌കിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇതുവരെ 806 പേർ ഹെൽപ്പ് ഡെസ്‌കിനെ സമീപിച്ചു. ഇതിൽ നിന്നും പ്രത്യേകം സ്ത്രീൻ ചെയ്താണ് മുന്നൂറിലധികം പേരുടെ സ്രവം പരിശോധനയ്ക്കായി എടുത്തത്. വൈറോളജി ലാബിലാണ് സ്രവം പരിശോധനയ്ക്കായി അയക്കുന്നത്. അമൃതാനന്ദമയി മഠം അന്തേവാസികളുടെയും, ആന്ധ്രാ സ്വദേശിയായ ഡ്രൈവർക്ക് കോവിഡ് സ്ഥിതീകരിച്ചതിനെ തുടർന്ന് സമ്പർക്ക പട്ടികയിൽപ്പെട്ടവരുടെതുമായാണ് കൂടുതൽപേരുടെ സ്രവ പരിശോധന നടത്തിയത്. ഇതിൽ എല്ലാവരുടെയും ഫലം നെഗറ്റീവ് ആയിരുന്നു.

ആശുപത്രി ജീവനക്കാരുടെ സജീവവും അവസരോചിതവുമായ പ്രവർത്തനങ്ങളിൽ നിരവധി സംഘടനകളുടെ നേതൃത്വത്തിൽ ആശുപത്രി ജീവനക്കാരെ ആദരിക്കുകയും ചെയ്തു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !