ഭൂമിയെ ഹരിതാഭമാക്കാൻ വൃക്ഷ തൈകൾ ഒരുങ്ങുന്നു….

കരുനാഗപ്പള്ളി : പരിസ്ഥിതി ദിനത്തിൽ ഭൂമിയെ ഹരിതാഭമാക്കാൻ ജില്ലയിൽ വിതരണത്തിനായുള്ള വൃക്ഷ തൈകൾ ഒരുങ്ങുന്നു. ഹരിത ഗ്രഹ വാതകങ്ങളാൽ മലിനീകരിക്കപ്പെടുന്ന അന്തരീക്ഷത്തെ രക്ഷിക്കാൻ -ജൈവവൈവിധ്യം- എന്ന ഇത്തവണത്തെ പരിസ്ഥിതി ദിന കേന്ദ്ര സന്ദേശത്തിന് പിന്തുണയുമായി സംസ്ഥാനത്ത് ഒരു കോടിയോളം വൃക്ഷ തൈകളാണ് വച്ചുപിടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായാണ് കൊല്ലം ജില്ലയിൽ വിതരണം ചെയ്യാനായി വനംവകുപ്പിലെ സോഷ്യൽ ഫോറസ്ട്രി വിഭാഗം വൃക്ഷതൈകൾ തയ്യാറാക്കുന്നത്.

4.3 ലക്ഷം തൈകളാണ് ജില്ലയിലെ 7 നഴ്സറികളിലായി തയ്യാറാവുന്നത്. കരുനാഗപ്പള്ളി, ശാസ്താംകോട്ട, അഞ്ചാലുംമൂട്, മാറനാട്, കൊട്ടാരക്കര, കുളത്തൂപ്പുഴ, മുഖത്തല എന്നിവിടങ്ങളിലായാണ് വിത്തുകൾ തയ്യാറാകുന്നത്. മാർക്കറ്റിനു സമീപ നഴ്സറിയിൽ ഉൽപ്പാദിപ്പിച്ച തൈകൾ വിതരണത്തിനു് തയ്യാറായി കഴിഞ്ഞു.

ഇത്തവണ ഫലവൃക്ഷങ്ങൾക്കും മുളയ്ക്കും പ്രാധാന്യം നൽകിയിട്ടുണ്ട് പ്ലാവ്, മാവ്, പേര,.മുരിങ്ങ, ലക്ഷ്മിതരു, നീർമരുത് വേപ്പ്, രക്തചന്ദനം, കണികൊന്ന, അഗസ്തി ചീര, പേര, മാദളം, സീതപ്പഴം, മുള, മഹാഗണി ,കുമ്പിൾ, ഗുൽമോഹർ, മന്ദാരം, , നെല്ലി, പൂവരശ്, ഞാവൽ, കറിവേപ്പ്, സപ്പോർട്ട ,കരിങ്ങാലി, താന്നി തുടങ്ങിയ ഇനങ്ങളാണ് വിതരണത്തിന് തയ്യാറാകുന്നത്.

പ്രത്യേകം തയ്യാറാക്കിയ സ്ഥലങ്ങളിൽ ഡിസംബർ മാസത്തോടെയാണ് തൈകൾ പാകി കിളിപ്പിച്ചു തുടങ്ങിയത്. മാർച്ച് 1 മുതൽ തൈകൾ കവറുകളിലേക്ക് മാറ്റി തുടങ്ങി. പ്രത്യേക ജൈവ മിശ്രിതം ചേർത്ത മണ്ണുകൾ നിറച്ച കവറുകളിലേക്കാണ് തൈകൾ മാറ്റുന്നതെന്ന് സോഷ്യൽ ഫോറസ്ട്രി അസിസ്റ്റൻറ് കൺസർവേറ്റർ എസ് ഹീരലാൽ പറഞ്ഞു.

മുൻവർഷങ്ങളിൽ സ്കൂളുകൾ കേന്ദ്രീകരിച്ചായിരുന്നു തൈകളുടെ വിതരണം. ഇത്തവണ സ്കൂളുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയാകും വിതരണം. കൃഷി വകുപ്പും മേൽനോട്ടം വഹിക്കും. സന്നദ്ധ – രാഷ്ട്രീയ സംഘടകൾ, ഗ്രന്ഥശാലകൾ തുടങ്ങിയവർക്കും തൈകൾ നൽകും.

ഇത്തരത്തിൽ വിവിധ നഴ്സറികളിൽ നിന്നും വിതരണം ചെയ്യുന്ന തൈകൾ
ജൂൺ 5 പരിസ്ഥിതി ദിനത്തിൽ സംസ്ഥാനത്താകെ വച്ചുപിടിപ്പിക്കുന്ന ബൃഹദ് പദ്ധതിയാണൊരുങ്ങുന്നത്. അതു വഴി നഷ്ടമാകുന്ന ഭൂമിയുടെ ഹരിതാഭയെ തിരികെ പിടിക്കാനൊരുങ്ങുകയാണ് നാട്. മെയ് അവസാനത്തോടെ തൈകളുടെ വിതരണം തുടങ്ങും.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !