വള്ളങ്ങൾ എത്തി തുടങ്ങി… സജീവമായി അഴീക്കൽ ഹാർബർ….

കരുനാഗപ്പള്ളി : സർക്കാർ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതോടെ ചെറുവള്ളങ്ങൾക്ക് മത്സ്യ ബന്ധനം അനുവദിച്ച പശ്ചാത്തലത്തിൽ കഴിഞ്ഞദിവസം പ്രവർത്തനം തുടങ്ങിയ അഴീക്കൽ ഹാർബർ വീണ്ടും സജീവമായി. കളക്ടറുടെ നിർദ്ദേശപ്രകാരം ഹാർബറിൻ്റെ പ്രവർത്തനം നിയന്ത്രണങ്ങളോടെ പുനരാരംഭിക്കാൻ തീരുമാനിച്ചിരുന്നു.

ആദ്യദിവസം 628 കിലോമത്സ്യം മാത്രമാണ് ഹാർബറിൽ എത്തിയത്, പ്രത്യേക പാസിലൂടെ കടത്തിവിടുന്ന വാഹനങ്ങൾക്ക് ഹാർബർ മാനേജിങ് കമ്മിറ്റി നിശ്ചയിച്ച വില പ്രകാരം മത്സം നൽകുകയായിരുന്നു. അധികം വരുന്ന മത്സ്യം മത്സ്യഫെഡ് ഏറ്റെടുക്കും.

മത്സ്യത്തിൻറെ വിലയിൽ വർധനവ് വരുത്തണമെന്ന് തൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് ബുധനാഴ്ച വൈകിട്ടോടെ ഒരു കിലോ മത്തിക്ക് 175 രൂപയിൽ നിന്നും 200 രൂപയായി വർധിപ്പിച്ചു നൽകാൻ ഹാർബർ മാനേജിംഗ്കമ്മിറ്റി തീരുമാനിച്ചിരുന്നു. ഇതോടെ വ്യാഴാഴ്ച 35 ഓളം മത്സ്യബന്ധന വള്ളങ്ങൾ ഇവിടെ എത്തി.കൂടുതലും ആലപ്പുഴ ജില്ലയിൽ നിന്നുള്ളവയായിരുന്നു.

1500 കിലോയോളം മത്സ്യം നിശ്ചയിക്കപ്പെട്ട വിലയിൽ ആദ്യ ദിവസം വിറ്റുപോയി. സാമൂഹ്യ അകലം പാലിച്ചായിരുന്നു വിൽപ്പന നടപടികൾ. അധികം വന്ന മത്സ്യം മത്സ്യഫെഡ് ഏറ്റെടുത്ത് തദ്ദേശീയരായ ആളുകൾക്ക് വിറ്റഴിച്ചു. ഇതുവഴി പ്രദേശവാസികളായ നൂറോളംപേർക്ക് മത്സ്യം ലഭിക്കുന്നതിനും അവസരമുണ്ടായി.

14 ഇനങ്ങളോളം മത്സ്യം ഹാർബറിൽ ലഭിച്ചു . മത്തി, ഞണ്ട്, കരിക്കാടി, പൂവാലൻ, മിക്സഡ് മത്സ്യങ്ങൾ എന്നിവയാണ് കഴിഞ്ഞ ദിവസം പ്രധാനമായും എത്തിയത്. മത്സ്യത്തിൻ്റെ ലഭ്യത കുറവായതിനാൽ വിലയിൽ മാറ്റം വരുത്തി നൽകണമെന്ന ആവശ്യം തൊഴിലാളികൾ ഉന്നയിക്കുന്നുണ്ട്. ഇക്കാര്യങ്ങൾ മാനേജിംഗ് കമ്മിറ്റി പരിഗണിക്കുമെന്നും വരും ദിവസങ്ങളിൽ ഹാർബറിൻ്റെ പ്രവർത്തനം കൂടുതൽ സജീവമാകുമെന്നും അധികൃതർ പറഞ്ഞു.

മത്സ്യഫെഡ് ഡയറക്ടർ ജി രാജദാസ്, മത്സ്യഫെഡ് അസിസ്റ്റൻ്റ് മാനേജർ ജ്യോതിഷ്കുമാർ, ഹാർബർ മാനേജിംഗ് കമ്മിറ്റി പ്രതിനിധി എം ബി സഞ്ജീവ് എന്നിവരുടെ നേതൃത്വത്തിൽ പോലീസിൻ്റെ ശക്തമായ നിയന്ത്രണത്തിലാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ഛാത്തലത്തിൽ കഴിഞ്ഞ 24 നായിരുന്നു അഴീക്കൽ ഹാർബറിൻ്റെ പ്രവർത്തനം പൂർണ്ണമായും നിർത്തിവച്ചത്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !