അഴീക്കൽ പാലം അടുത്ത മാസം തുറക്കും…. അവലോകന യോഗം ചേർന്നു…

കരുനാഗപ്പള്ളി : തീരദേശ ഗ്രാമത്തിൻ്റെ വികസന മുന്നേറ്റത്തിന് നാന്ദി കുറിച്ച് കായലിന്റെയും കടലിന്റെയും കൗതുക കാഴ്ചകളൊരുക്കി ആലപ്പുഴ ജില്ലയിലെ ആറാട്ടുപുഴ പഞ്ചായത്തിനെയും കൊല്ലം ജില്ലയിലെ ആലപ്പാട് പഞ്ചായത്തിനെയും ബന്ധിപ്പിച്ച് അഴീക്കൽ അഴിമുഖത്തിനു കുറുകെ നിര്‍മ്മിക്കുന്ന അഴീക്കൽ – വലിയഴീക്കല്‍ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നു. പാലം സെപ്റ്റംബറില്‍ ഗതാഗതത്തിനായി തുറന്നു കൊടുക്കും.

അവസാനഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇരു വശങ്ങളിലേയും അപ്രോച്ച് റോഡുകളുടെ നിർമ്മാണപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. അഴീക്കൽ ഭാഗത്തെ റോഡിൻ്റെ നിർമ്മാണം ഏകദേശം പൂർത്തിയായി. പാലത്തിൻ്റെ കോൺക്രീറ്റിനു മുകളിലുള്ള ടാറിംഗ്, പെയിന്റിങ് ഉൾപ്പടെയുള്ള മിനുക്കുപണികളാണ് ഇനി തീരാനുള്ളത്.

കാലാവസ്ഥ അനുകൂലമായാല്‍ ഈ പ്രവൃത്തികള്‍ വേഗത്തിലാക്കി പാലം ഗതാഗതത്തിനു തുറന്നു കൊടുക്കുമെന്ന് കഴിഞ്ഞദിവസം പാലത്തിന്റെ പുരോഗതി വിലയിരുത്തുന്നതിനായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ചേർന്ന യോഗത്തില്‍ പാലത്തിന്റെ നിര്‍മ്മാണം ഏറ്റെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി അറിയിച്ചിരുന്നു.

146 കോടി രൂപ വകയിരുത്തിയാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയാകുന്നത്. കായംകുളം കായലിനു കുറുകെ 976 മീറ്റര്‍ നീളത്തില്‍ 13 മീറ്റർ വീതിയിൽ 29 സ്പാനുകളോടെ നിര്‍മ്മിക്കുന്ന പാലത്തിന്റെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് പാലത്തിന്റെ മധ്യഭാഗത്ത് 110 മീറ്റര്‍ നീളത്തിലുള്ള മൂന്ന് ബോ സ്ട്രിങ് ആര്‍ച്ചുകള്‍.

ദക്ഷിണേഷ്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ബോ സ്ട്രിങ് ആര്‍ച്ചാണിത്. ഇംഗ്ലണ്ടില്‍ നിന്നും എത്തിച്ച മാക്ക് അലോയ് ബാര്‍ ഉപയോഗിച്ചാണ് പാലത്തിന്റെയും ആര്‍ച്ചിന്റെയും ഭാരം നിയന്ത്രിക്കുന്നത്. വലിയ മത്സ്യബന്ധന യാനങ്ങള്‍ക്കും പാലത്തിനടിയിലൂടെ സുഖമായി കടന്നു പോകാന്‍ കഴിയും. തുടക്കത്തിൽ തന്നെ നഷ്ടമാകുമെന്നു കരുതിയ പാലം കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിൻ്റെ ഇശ്ഛാശക്തിയിലാണ് യാഥാർത്ഥ്യമായത്.

2016 മാര്‍ച്ചില്‍ നിര്‍മ്മാണം ആരംഭിച്ച പാലം തുറന്നു കൊടുക്കുമ്പോള്‍ വലിയ ടൂറിസം സാധ്യതകള്‍ക്കു കൂടിയാണ് വഴിയൊരുങ്ങുന്നത്. അഴീക്കല്‍- വലിയഴീക്കല്‍ മത്സ്യബന്ധന തുറമുഖങ്ങളെ ബന്ധിപ്പിച്ച് കടലിനും കായംകുളം കായലിനും സമാന്തരമായുള്ള പാലം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കും വിധത്തില്‍ മനോഹരമായാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്.

പാലം പൂര്‍ത്തിയാകുന്നതോടെ വലിയഴീക്കല്‍, അഴീക്കല്‍ ഗ്രാമങ്ങള്‍ വിനോദസഞ്ചാര മേഖലയില്‍ ഇടംപിടിക്കും.അഴീക്കൽ ബീച്ച്, അമൃതാനന്ദമയി മഠം, ആയിരം തെങ്ങ് കണ്ടൽപാർക്ക് എന്നിവയെ ബന്ധിപ്പിച്ച് ടൂറിസം രംഗത്ത് വൻ കുതിച്ചു ചാട്ടത്തിനും വഴിയൊരുങ്ങും.അഴീക്കൽ ഹാർബർ വികസനവും വേഗത്തിലാകും.പാലത്തിന്റെ മദ്ധ്യഭാഗത്ത് നിന്ന് നോക്കിയാല്‍ കടലിലെയും കായലിലേയും കൗതുക കാഴ്ചകള്‍ കാണാന്‍ സാധിക്കും.

വലിയഴീക്കലില്‍ നിന്ന് അഴീക്കല്‍ എത്തുന്നതിന് 28 കിലോമീറ്ററോളം ദൂരം ലാഭിക്കാനും പാലം വരുന്നതോടെ സാധിക്കും. ദേശീയപാതയില്‍ ഗതാഗത തടസമുണ്ടായാല്‍ തൃക്കുന്നപ്പുഴ- വലിയഴീക്കല്‍ തീരദേശ റോഡിലൂടെ ഇരു ജില്ലകളിലേക്കും പ്രവേശിക്കാനും പാലം ഉപകരിക്കും. സർക്കാരിൻ്റെ 100 ദിന കർമ്മപദ്ധതിയുടെ ഭാഗമായാണ് അടുത്ത മാസം പാലം ഉദ്ഘാടനം ചെയ്യുന്നത്.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !