കടലിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികളെ കാണാതായി….

കരുനാഗപ്പള്ളി : ആലപ്പാട്, വെള്ളനാതുരുത്ത് ബീച്ചിന് സമീപം കടലിൽ കുളിക്കാനിറങ്ങിയ രണ്ടു വിദ്യാർത്ഥികളെ തിരയിൽപ്പെട്ട് കാണാതായി. കരുനാഗപ്പള്ളി മരുതൂർകുളങ്ങര തെക്ക്, നിസാമൻസിലിൽ ഇർഫാൻ (16), അയണിവേലികുളങ്ങര, ഇടപ്പുരയിൽ അർജുൻ നിവാസിൽ കൃഷ്ണ ആർ.സത്യൻ (കണ്ണൻ 16) എന്നിവരെയാണ് കാണാതായത്. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയായിരുന്നു സംഭവം.

സുഹൃത്തുക്കളായ എട്ടുപേർ ഒരുമിച്ച് സഹപാഠിയുടെ വാസ്തുബലി ചടങ്ങിൽ പങ്കെടുത്തതിനുശേഷം വെള്ളനാതുരുത്ത് ബീച്ചിൽ എത്തി കുളിക്കാൻ ഇറങ്ങുന്നതിനിടെ കൂട്ടത്തിൽപെട്ട ഒരു വിദ്യാർത്ഥി ഒഴുക്കിൽപ്പെട്ടതിനെ തുടർന്ന് രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിലായിരുന്നു രണ്ടുപേർ ശക്തമായ തിരയിൽപ്പെട്ട് കാണാതായത്. സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാരും കരുനാഗപ്പള്ളിയിൽ നിന്നെത്തിയ ഫയർഫോഴ്സും പോലീസും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും കാണാതായവരെ ഇതുവരെ കണ്ടെത്താനായിട്ടില്ല.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !