കരുനാഗപ്പള്ളി : കോവിഡ് പ്രതിരോധത്തിൻ്റെ ഭാഗമായി കരുനാഗപ്പള്ളി നഗരസഭയിൽ മെഗാ മാസ് വാക്സിനേഷൻ ക്യാമ്പ്നടന്നു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ നടന്ന ഇ കോവിഡ് പ്രതിരോധ വാക്സിനേഷനിൽ 2400 ഓളം പേർക്ക് വാക്സിൻ നൽകാൻ കഴിഞ്ഞതായി അധികൃതർ പറഞ്ഞു.
ഓരോ ഡിവിഷനിൽ നിന്നും 18 വയസ്സിനു മുകളിൽ പ്രായമുള്ള അമ്പതിലധികം പേരെ വീതം തിരഞ്ഞെടുത്തായിരുന്നു കോവിഷീൽഡ് വാക്സിൻ നൽകിയത്. പരാതികളോ പ്രശ്നങ്ങളോയില്ലാതെ ഇത്രയധികം പേർക്ക് വാക്സിനേഷൻ നടത്താൻ സഹകരിച്ച ആരോഗ്യപ്രവർത്തകർക്ക് പ്രത്യേകം അഭിനന്ദനം അറിയിക്കുന്നതായി നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു, ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷ ഡോ. പി. മീന എന്നിവർ പറഞ്ഞു.
നഗരസഭയിൽ കരുനാഗപ്പള്ളി ടൗൺ ക്ലബ്, താലൂക്ക് ആശുപത്രി എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് കഴിഞ്ഞ ദിവസങ്ങളിൽ വാക്സിനേഷൻ നടന്നുവന്നിരുന്നത്. മിക്ക വാർഡുകളിലും 50 ശതമാനത്തിലധികം പേർക്ക് വാക്സിൻ നൽകാൻ ഇതു വഴി കഴിഞ്ഞതായും വരും ദിവസങ്ങളിൽ കൂടുതൽ പേർക്ക് വാക്സിൻ എത്തിക്കുന്നത് ആവശ്യമായ നടപടികൾ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് നടത്തുമെന്നും നഗരസഭ അധികൃതർ പറഞ്ഞു.
വാക്സിനേഷനൊപ്പം തന്നെ കോവിഡ് പരിശോധനയും നഗരസഭയിൽ ജാഗ്രതയോടെ തുടരുകയാണ്. മുഴങ്ങോട്ടുവിളയിലെ ബഡ്സ് സ്കൂളിൽ ഉള്ള സ്ഥിരം പരിശോധനാകേന്ദ്രം കൂടാതെ വിവിധ ഡിവിഷനുകൾ കേന്ദ്രീകരിച്ച് മൊബൈൽ പരിശോധനാ യൂണിറ്റും പ്രവർത്തനം തുടരുകയാണ്.
താലൂക്ക് ആശുപത്രിയിൽ നടന്ന മെഗാ വാക്സിനേഷൻ ക്യാമ്പിന് ആശുപത്രി സൂപ്രണ്ട് ഡോ. തോമസ് അൽഫോൺസ്, ആർ.എം.ഒ. ഡോ. അനൂപ്കൃഷ്ണൻ, ഡോ മനോജ്, ഡോ. അനന്ദു, ഡോ. ആതിര, എൽ.എച്ച്.ഐ. ഗീത, ആശാ പ്രവർത്തകർ, വാർഡ് കൗൺസിലർമാർ തുടങ്ങിയവർ നേതൃത്വം നൽകി.