കരുനാഗപ്പള്ളിയിൽ ജില്ലാ സ്ക്കൂൾ ആർച്ചറി മത്സരങ്ങൾ നടന്നു….

കരുനാഗപ്പള്ളി : ജില്ലാ സ്ക്കൂൾ ആർച്ചറി മത്സരങ്ങൾ കരുനാഗപ്പള്ളിയിൽ നടന്നു. ജില്ലയിലെ വിവിധ സബ് ജില്ലകളിൽ നിന്നുള്ള വിദ്യാർത്ഥികളാണ് ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി നടന്ന മത്സരങ്ങളിൽ പങ്കെടുത്തത്. കാപ്പെക്സ് ചെയർമാൻ പി.ആർ. വസന്തൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ ഗയിംസ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ശെൽവരാജ് അധ്യക്ഷനായി. സാബുജാൻ സ്വാഗതം പറഞ്ഞു. സൂരജിന്റെ നേതൃത്വത്തിലുള്ള റഫറി പാനൽ മത്സരം നിയന്ത്രിച്ചു.

ജൂനിയർ വിഭാഗത്തിൽ 20, 30 മീറ്ററുകളിലും സീനിയർ വിഭാഗത്തിൽ 30,40 മീറ്ററുകളിലുമാണ് മത്സരങ്ങൾ നടന്നത്. ഒന്നു മുതൽ നാലുവരെ സ്ഥാനങ്ങൾ നേടുന്നവർക്ക് സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കാം. അന്തർദേശീയ തലത്തിൽ ഏറെ പ്രാധാന്യമുള്ള അമ്പെയ്ത്ത് മത്സരങ്ങൾ കഴിഞ്ഞ വർഷം മുതലാണ് സംസ്ഥാന സർക്കാർ സ്കൂൾ ഗയിംസിൽ ഉൾപ്പെടുത്തിയത്.

മത്സരങ്ങളിൽ കരുനാഗപ്പള്ളി ഉപജില്ല വിജയികളായി. കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥികളാണ് സബ് ജില്ലയ്ക്കായി വിജയം നേടിയത്.

ജൂനിയർ ആൺകുട്ടികളിൽ കരുനാഗപ്പള്ളി ബോയ്സ് സ്കൂളിലെ ആദിമന്യുവും, അമീൻ കരീമും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. ജൂനിയർ ഗേൾസിൽ വെളിയം സബ് ജില്ലയിലെ വൈഷ്ണവി ഒന്നാം സ്ഥാനം നേടി.

സീനിയർ ആൺകുട്ടികളിൽ കരുനാഗപ്പള്ളിയിലെ ദേവനാരായണൻ, ഷാരൂഖാൻ എന്നിവർ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. സീനിയർ പെൺകുട്ടികളിൽ കരുനാഗപ്പള്ളിയിലെ ചാരു.ജെ കൃഷ്ണ ഒന്നാം സ്ഥാനവും ചവറയിലെ കാവ്യ ശ്യാം രണ്ടാം സ്ഥാനവും നേടി.

കൊല്ലം ജില്ലയിൽ നിന്നും 12 കുട്ടികൾ വിജയികളായപ്പോൾ കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ 9 കുട്ടികളാണ് സംസ്ഥാന മത്സരത്തിൽ പങ്കെടുക്കുക.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !