കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ…. കായകൽപ്പം അവാർഡിനായുള്ള….

കരുനാഗപ്പള്ളി : ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, ശുചിത്വ പരിപാലനം, അണുബാധ നിയന്ത്രണം, പ്രവർത്തനമികവ് തുടങ്ങിയവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടി സർക്കാർ ആവിഷ്കരിച്ച പദ്ധതിയായ കായകല്പം അവാർഡ് നൽകുന്നതിനായുള്ള പരിശോധന കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ നടന്നു.

കഴിഞ്ഞ വർഷം കൊല്ലം ജില്ലയിലെ താലൂക്ക് ആശുപത്രികളിൽ ഒന്നാം സ്ഥാനവും സംസ്ഥാനത്തെ ഏറ്റവും മികച്ച ആശുപത്രികളിൽ അഞ്ചാം സ്ഥാനവും കരുനാഗപ്പള്ളി താലൂക്കാശുപത്രി നേടിയിരുന്നു. സംസ്ഥാനത്തുതന്നെ ഏറ്റവും അധികം രോഗികൾ എത്തുന്ന ദേശീയപാതയോരത്തെ പ്രധാന ആശുപത്രികളിൽ ഒന്നാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രി.

കേരളത്തിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ, സാമൂഹിക ആരോഗ്യ കേന്ദ്രങ്ങൾ ,താലൂക്ക് ആശുപത്രി, ജില്ലാ ആശുപത്രികൾ എന്നിവയിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ആശുപത്രികൾക്കാണ് അവാർഡ് നൽകുന്നത് പ്രത്യേക സമിതിയുടെ നേതൃത്വത്തിൽ ജില്ലാതല പരിശോധനയും പിന്നീട് സംസ്ഥാനതല പരിശോധനയും നടത്തി അവാർഡ് നിയന്ത്രണ കമ്മിറ്റി യിലൂടെയാണ് മികച്ച ആശുപത്രികളെ തിരഞ്ഞെടുക്കുന്നത്. ഇതിന്റെ ഭാഗമായുള്ള ജില്ലാതല പരിശോധന യാണ് ആശുപത്രിയിൽ നടന്നത്. ഡോ റീനയുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.

ആശുപത്രി സൂപ്രണ്ട് ഡോ തോമസ് അൽഫോൻസ്, നഗരസഭാ അധ്യക്ഷ എം ശോഭന, വൈസ് ചെയർമാൻ ആർ രവീന്ദ്രൻ പിള്ള, ആരോഗ്യസ്ഥിരം സമിതി അധ്യക്ഷ സുബൈദാ കുഞ്ഞുമോൻ എന്നിവരും പരിശോധന സംഘത്തിനൊപ്പമുണ്ടായിരുന്നു.

കഴിഞ്ഞ ഒരു വർഷക്കാലം, ഡിസംബർ 31 വരെ ഒ പി വിഭാഗത്തിൽ 3,09,013 രോഗികളാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. കാഷ്വാലിറ്റിയിൽ മാത്രം ഒരുലക്ഷത്തി 1,63,286 രോഗികളും ഐപിയിൽ 8,989 രോഗികളും കഴിഞ്ഞവർഷം ചികിത്സതേടിയതായാണ് കണക്ക്. 195 ബെഡ്ഡുകൾ ആണ് ഇവിടെ ഉള്ളതെങ്കിലും 250ലധികം രോഗികൾ കിടത്തിചികിത്സക്കായി ഇവിടെയെത്താറുണ്ട്. ഒരു മാസം 140ഓളം പ്രസവ കേസുകളും 240 നും 300നും ഇടയിൽ മേജർ ഓപ്പറേഷനുകളും ഇവിടെ നടക്കുന്നുണ്ട് .1956 ൽ പിഎച്ച്സി ആയി തുടങ്ങിയ ഈ ആശുപത്രി 1967ലാണ് താലൂക്ക് ആശുപത്രിയായി ഉയർത്തിയത്. 1995 ഫസ്റ്റ് റഫറൽ യൂണിറ്റായി മാറി. 2010 ൽ കാഷ്വാലിറ്റിയും ഒ.പി. ബ്ലോക്കും പ്രവർത്തനം തുടങ്ങി. നഗരസഭാ അധികൃതരുടെ നേതൃത്വത്തിൽ നിരവധി വികസന പ്രവർത്തനങ്ങൾ അടുത്തകാലത്തായി ആശുപത്രിയിൽ നടപ്പിലാക്കി.

അൾട്രാസൗണ്ട് സ്കാനിംഗ്, ഡയാലിസ് യൂണിറ്റ്, 24 മണിക്കൂർ പ്രവർത്തിക്കുന്ന ഡിജിറ്റൽ എക്സ്റേ യൂണിറ്റ്, 24 മണിക്കൂർ പ്രവർത്തിക്കുന്ന ശീതീകരിച്ച ഫാർമസി സംവിധാനം, ലോൺട്രി യൂണിറ്റ്, കമ്പ്യൂട്ടറൈസ്ഡ് ഒ പി തുടങ്ങി നിരവധി വികസന പ്രവർത്തനങ്ങൾ ഇതിനകം തന്നെ ആശുപത്രിയിൽ നടപ്പിലാക്കി കഴിഞ്ഞിട്ടുണ്ട് .ആർ രാമചന്ദ്രൻ എം.എൽ.എ. കൂടി മുൻകൈയ്യെടുത്ത് 96 കോടി രൂപയുടെ ആശുപത്രി വികസന മാസ്റ്റർ പ്ലാനിന് സർക്കാരിന്റെ ഭരണാനുമതി നേടിയെടുക്കാനും ഇതിന്റെ ടെൻഡർ നടപടികളിലേക്കുൾപ്പടെ കടക്കാനും കഴിഞ്ഞു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !