കരുനാഗപ്പള്ളി : ചുമതല ഏറ്റ ഉടൻ കരുനാഗപ്പള്ളി ചെയർമാൻ കോട്ടയിൽ രാജു എത്തിയത് കോവിഡ് രോഗിയെ സംസ്കരിക്കാൻ. നഗരസഭ ചെയർമാൻ സ്ഥാനം ഏറ്റെടുത്ത ഉടൻ സമാനതകളില്ലാത്ത സന്നദ്ധ പ്രവർത്തനത്തിനാണ് കരുനാഗപ്പള്ളി നഗരസഭ ചെയർമാൻ നേതൃത്വം നൽകിയത്. ചുമതലയേൽക്കൽ ചടങ്ങ് നടന്നുകൊണ്ടിരിക്കുമ്പോൾ തന്നെ രാജുവിൻ്റെ മൊബൈലിലേക്ക് വിളിയെത്തി. കോവിഡ് ബാധിച്ച് മരിച്ച രോഗിയുടെ സംസ്കാരചടങ്ങുകൾ നടത്താൻ സഹായമഭ്യർത്ഥിച്ചായിരുന്നു ആ വിളി. തുടർന്ന് വിജയാഹ്ലാദ പരിപാടികളെല്ലാം ഒഴിവാക്കി സംസ്കാര ചടങ്ങാനായി നിയുക്ത ചെയർമാൻ പോകുകയായിരുന്നു. കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് പി.പി.ഇ. കിറ്റുകൾ ധരിച്ചാണ് വാളൻ്റിയർമാരോടൊപ്പം സംസ്കാര ചടങ്ങിൽ കൂടിയത്.
കോവിഡ് കാലത്ത് രോഗബാധയെ തുടർന്ന് മരിച്ച പതിനേഴാമത്തെ രോഗിയെയാണ് ഇതോടെ കോട്ടയിൽ രാജുവിൻ്റെ നേതൃത്വത്തിലുള്ള പാലിയേറ്റീവ് പ്രവർത്തകർ സംസ്കരിക്കുന്നത്. രോഗബാധിതരായി മരണപ്പെട്ട പതിനാറോളം പേരുടെ സംസ്കാര ചടങ്ങുകൾക്ക് ഇതിനകം രാജു നേതൃത്വം നൽകി. പതിനേഴാമത്തെ രോഗിയുടെ സംസ്കാരത്തിനായി നഗരസഭാ ചെയർമാനായ ദിവസം തന്നെ നിയോഗമുണ്ടായതിൽ അഭിമാനമുണ്ടെന്ന് കോട്ടയിൽ രാജു പറഞ്ഞു.
മരുതൂർക്കുളങ്ങര തെക്ക്, പപ്പൻപറമ്പിൽ, ഗോപാലകൃഷ്ണൻ്റെ ഭാര്യ ശാന്തമ്മ (65) യുടെ സംസ്കാര ചടങ്ങുകളാണ് ആരോഗ്യവകുപ്പിൻ്റെ അഭ്യർത്ഥനയെ തുടർന്ന് കോട്ടയിൽ രാജുവിൻ്റെ നേതൃത്വത്തിലുള്ള വാളൻ്റിയർമാർ ഏറ്റെടുത്ത് നടത്തിയത്. കഴിഞ്ഞ 25 ന് രാത്രിയാണ് ഹൃദ് രോഗബാധയെ തുടർന്ന് ശാന്തമ്മ മരണപ്പെട്ടത്. തുടർന്ന് നടത്തിയ കോവിഡ് പരിശോദനയിൽ രോഗം സ്ഥിരീകരിക്കുകയായിരുന്നു.
ചെയർമാനായി ചുമതലയേറ്റെടുത്ത ശേഷം
ഔദ്യോഗിക വാഹനത്തിൽ എത്തിയാണ് കോവിഡ് മാനദണ്ഡങ്ങളനുസരിച്ച് പി.പി.ഇ കിറ്റുകൾ ധരിച്ച് വാളൻ്റിയർമാരോടൊപ്പം കോട്ടയിൽ രാജു സംസ്കാരം നടത്തിയത്. കോട്ടയിൽ രാജു, ലൈബ്രറി കൗൺസിൽ മുനിസിപ്പൽ സമിതി കൺവീനർ സജീവ്, ഇന്ദുരാജ്, ജഗൻ, എന്നിവരുടെ നേതൃത്വത്തിലാണ് സംസ്കാരം നടന്നത്.
പാലിയേറ്റീവ് സൊസൈറ്റി പ്രസിഡൻ്റ് കെ.ജി. ശിവപ്രസാദ്, നഗരസഭാ കൗൺസിലർമാരായ പടിപ്പുര ലത്തീഫ്, സുഷ അലക്സ്, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു. കോവിഡ് കാലത്ത് സമാനതകളില്ലാത്ത സന്നദ്ധ പ്രവർത്തനങ്ങളാണ് ക്യാപ്റ്റൻ ലക്ഷ്മി ഹെൽത്ത് ആൻ്റ് പാലിയേറ്റീവ് സൊസൈറ്റി പ്രവർത്തകർ നടത്തിയത്.
രോഗം അതിരൂക്ഷമായിരുന്ന സമയത്ത് ഉൾപ്പെടെ നൂറുകണക്കിന് രോഗികളെ സൗജന്യ ആംബുലൻസ് സേവനം ലഭ്യമാക്കി പരിശോധനയ്ക്ക് എത്തിക്കുകയും ആശുപത്രികളിലെത്തിക്കുകയും ചെയ്യുന്നതിന് മുഴുവൻ സമയവും പ്രവർത്തിക്കുന്ന സഹായകേന്ദ്രം ഉൾപ്പെടെ തുറന്നായിരുന്നു സൊസൈറ്റിയുടെ പ്രവർത്തനം. നാല് ആംബുലൻസുകളും ഡ്രൈവർമാർ ഉൾപ്പെടെ കരുനാഗപ്പള്ളി മേഖലയിൽ ആകെ നാനൂറോളം സന്നദ്ധപ്രവർത്തകരും അടങ്ങുന്ന വിപുലമായ സന്നദ്ധ സേവന ശൃംഖലയാണ് സൊസൈറ്റിക്ക് ഉള്ളത്.ഈ പ്രവർത്തനങ്ങളാകെ ഏകോപ്പിക്കുന്നതും കോട്ടയിൽ രാജു തന്നെയാണ്.
ചിത്രം: കോവിഡ് ബാധിതയുടെ മൃതദേഹം കോട്ടയിൽ രാജുവിൻ്റെ നേതൃത്വത്തിൽ സംസ്കരിക്കുന്നു.