കരുനാഗപ്പള്ളി നഗരസഭാ ചെയർപേഴ്സൺ എം. ശോഭന രാജിവച്ചു…

കരുനാഗപ്പള്ളി : കരുനാഗപ്പള്ളി നഗരസഭാ ചെയർപേഴ്സൺ എം. ശോഭന രാജിവച്ചു. എൽ.ഡി. എഫിലെ മുന്നണി ധാരണ പ്രകാരമാണ് രാജി. തുടർന്നുള്ള കാലയളവിൽ സി.പി.ഐ. യുടെ പ്രതിനിധിയായിരിക്കും ചെയർപേഴ്സൺ പദവി വഹിക്കുക.

കരുനാഗപ്പള്ളിയുടെ സമഗ്രവികസനത്തിന് നാന്ദി കുറിച്ച ഒട്ടേറെ പദ്ധതികൾക്ക് തുടക്കം കുറിക്കാൻ രണ്ടാം നഗരസഭാ കൗൺസിലിന് കഴിഞ്ഞതായി എം. ശോഭന പറഞ്ഞു. താലൂക്ക് ആശുപത്രി വികസനം, ആധുനിക ശ്മശാനം, സപ്ലെകോഗോഡൗൺ, തീരദേശ കുടിവെള്ള പദ്ധതി, ലൈഫ് ഭവനപദ്ധതി, മുനിസിപ്പൽ ടവർ, ബഡ്സ് സ്കൂൾ,സ്കൂളുകളിലെ പ്രഭാത ഭക്ഷണ പരിപാടി, ഗ്രന്ഥശാലകൾക്കുള്ള അക്ഷരവെളിച്ചം പദ്ധതി, ഓണാട്ടുകര ടൂറിസം പദ്ധതി, കളിസ്ഥലം, കുട്ടികളുടെ പാർക്ക്, ലിങ്ക് റോഡ് പദ്ധതി, കാർഷിക വികസന പദ്ധതികൾ തുടങ്ങി ഒട്ടേറെ പദ്ധതികൾ യാഥാർത്ഥ്യ മാക്കുന്നതിനും തുടങ്ങി വയ്ക്കുന്നതിനും കഴിഞ്ഞതായും ചെയർപേഴ്സൺ പറഞ്ഞു.

മുനിസിപ്പൽ ഹാളിൽ ചേർന്ന കൗൺസിൽ യോഗത്തിലാണ് രാജി പ്രഖ്യാപിച്ചത്. തുടർന്ന് നടന്ന അനുമോദന യോഗത്തിൽ ആർ. രാമചന്ദ്രൻ എം.എൽ.എ. , വൈസ് ചെയർമാൻ ആർ. രവീന്ദ്രൻ പിള്ള, പ്രതിപക്ഷ പാർലമെന്ററി പാർട്ടി നേതാവ് എം.കെ. വിജയഭാനു, വിവിധ സ്ഥിരം സമിതി അധ്യക്ഷർ, കൗൺസിലർമാർ, നഗരസഭാ സെക്രട്ടറി ഷെർളാ ബീഗം, സ്റ്റാഫ് കൗൺസിൽ സെക്രട്ടറി പവിത്രൻ എന്നിവർ സംസാരിച്ചു. നഗരസഭാ കൗൺസിലിന്റെയും ജീവനക്കാരുടെയും മുൾപ്പടെ ഉപഹാരങ്ങൾ നൽകി ആദരിച്ചു. സ്വീകരണങ്ങൾക്ക് എം. ശോഭന നന്ദി പറഞ്ഞു.


നമ്മുടെ കരുനാഗപ്പള്ളിയിലെ വാർത്തകളും വിശേഷങ്ങളുമായി കരുനാഗപ്പള്ളി.com... LIKE, SHARE & SUPPORT !